തിരുവനന്തപുരം: സർവകക്ഷി വിദേശയാത്ര സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനും കേന്ദ്ര സർക്കാറിനും ഇടയിലെ പ്രശ്നങ്ങളെ കുറിച്ച് അറിയില്ലെന്ന് ശശി തരൂർ എം.പി. വിദേശയാത്രക്കുള്ള കോൺഗ്രസ് പ്രതിനിധികളുടെ പേരുകൾ പുറത്ത് വിടേണ്ടിയിരുന്നോ എന്ന് നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കേന്ദ്ര സർക്കാറിൽ നിന്ന് പാർലമെന്ററികാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെക്കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല.
ഭാരതം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് നിറവേറ്റണം. കോൺഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്ത അഭിപ്രായം കാണും. ആർക്കും തന്നെ അത്ര എളുപ്പം അപമാനിക്കാൻ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണെന്നും തരൂർ വ്യക്തമാക്കി.
‘ഓപറേഷൻ സിന്ദൂർ’ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പ്രകാരം കോൺഗ്രസ് നൽകിയിരുന്നു. കോൺഗ്രസ് നൽകിയ പട്ടികയിൽ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരാണ് ഉൾപ്പെട്ടത്.
എന്നാൽ, പാർട്ടി നൽകിയ പട്ടികയിലില്ലാത്ത ശശി തരൂരിനെ കോൺഗ്രസ് പ്രതിനിധിയായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ഇതിന് പിന്നാലെ പാർട്ടി ഔദ്യോഗികമായി നൽകിയ പട്ടികയിലെ പ്രതിനിധികളുടെ പേരുകൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.
കേന്ദ്ര സർക്കാർ ക്ഷണത്തെ ബഹുമതിയായി കാണുന്നുവെന്നാണ് ശശി തരൂർ എക്സിലൂടെ പ്രതികരിച്ചത്. 'അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും സമീപകാല സംഭവങ്ങളെ കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു' -തരൂർ എക്സിൽ കുറിച്ചു.
അതേസമയം, പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ച പേരുകളിൽ ശശി തരൂർ ഉണ്ടായിരുന്നില്ലെന്ന് ജയ്റാം രമേശ് എക്സിൽ വ്യക്തമാക്കി. വിദേശത്തേക്ക് അയക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് നാലു എം.പിമാരുടെ പേരുകൾ സമർപ്പിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെ ഇനി പറയുന്ന പേരുകൾ നൽകി കത്തെഴുതി: മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരാണ് അത് -ജയ്റാം രമേശ് അറിയിച്ചു.
നേരത്തെ, ഇന്ത്യ-പാകിസ്താൻ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളിൽ ശശി തരൂരിനു കോൺഗ്രസ് നേതൃത്വം ശക്തമായ താക്കീത് നൽകിയിരുന്നു. പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്‍റെ പേരിലായിരുന്നു താക്കീത്. അഭിപ്രായ പ്രകടനത്തിനു കോൺഗ്രസ് സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും തരൂർ ‘ലക്ഷ്മണരേഖ’ കടന്നുവെന്നും പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.