ന്യൂഡൽഹി: ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) സുപ്രീംകോടതി. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെ മദ്യ നയക്കേസിൽ ഉൾപ്പെടുത്താനായി ഇ.ഡി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് ഛത്തിസ്ഗഢ് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞതിനുപിന്നാലെയാണ് ഈ പരാമർശം. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെ ചോദ്യംചെയ്ത് ചില വ്യക്തികൾ നൽകിയ കേസുകളിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് സർക്കാർ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്.കെ. കൗൾ, എ. അമാനുല്ല എന്നിവരുടെ ബെഞ്ച് ഇങ്ങനെ പറഞ്ഞത്.
എക്സൈസ് വിഭാഗം ജീവനക്കാർക്കും കുടുംബത്തിനും ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയുണ്ട്. അതിൽ നിന്നൊഴിവാക്കണമെങ്കിൽ മുഖ്യമന്ത്രിയെ കേസിലുൾപ്പെടുത്തണമെന്നാണ് ആവശ്യമെന്ന് ഛത്തീസ്ഗഢ് സർക്കാർ ആരോപിച്ചു. ഇ.ഡി അഴിഞ്ഞാടുകയാണെന്ന് ഛത്തീസ്ഗഢ് സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, അന്വേഷണ ഏജൻസി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു.
തുടർന്നാണ് കോടതി ഇ.ഡിയോട് ഭയം സൃഷ്ടിക്കരുതെന്ന് പറഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥരിൽ ഭയം സൃഷ്ടിക്കരുത്. അത്തരം പെരുമാറ്റം മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന സംശയം ഉളവാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.