മുംബൈ: അമേരിക്കയിൽ സ്ഥിര താമസമായ മുംബൈ സ്വദേശി ഡോക്ടർക്ക് അക്കൗണ്ടിൽനിന്ന് 9.77 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. 35 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഡോക്ടറായ അലി ഖാലിദ് ഹുസൈനാണ് തുക നഷ്ടമായത്. ഈ വർഷം ജനുവരിയിൽ ഇയാൾ യു.എസിൽ ആയിരുന്നപ്പോൾ വിവിധ ഓൺലൈൻ ഇടപാടുകൾ വഴി അക്കൗണ്ടിൽ നിന്ന് 9,77,626 രൂപ പിൻവലിച്ചതായി അറിയിച്ചുകൊണ്ട് ബാങ്കിൽ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
തുടർന്ന് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ബാക്കിയുള്ള പണം മുഴുവൻ യു.എസിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഡോക്ടർ ഫെബ്രുവരി 25ന് സൈബർ ക്രൈം വകുപ്പിനെ സമീപിക്കുകയും ബാന്ദ്ര സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ഒഷിവാര പൊലീസ് വഞ്ചന കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 18നാണ് തന്റെ മൊബൈൽ ഫോണിൽ ഇടപാടിനെക്കുറിച്ച് സന്ദേശം ലഭിക്കുന്നത്. കൂടുതൽ പരിശോധിച്ചപ്പോൾ ജനുവരി 17 ന് സമാനമായ സന്ദേശങ്ങൾ കണ്ടെത്തി. മൊത്തം ഒമ്പതുലക്ഷം രൂപയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി ഡോക്ടർ കണ്ടെത്തുകയായിരുന്നു. ‘ഞാൻ ആരുമായും ഒരു ഒ.ടി.പിയോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിട്ടിട്ടില്ല, എന്നിട്ടും എന്റെ അക്കൗണ്ടിൽ നിന്ന് പണം വഞ്ചനാപരമായി കൈമാറ്റം ചെയ്യപ്പെട്ടു. ബാങ്കിന്റെ സുരക്ഷാ സംവിധാനത്തിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. സുരക്ഷക്കായി എന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് ശേഷിക്കുന്ന എല്ലാ ഫണ്ടുകളും യു.എസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ഞാൻ തീരുമാനിച്ചു’ ഡോക്ടർ കൂട്ടിച്ചേർത്തു.
പരാതിയുടെ അടിസ്ഥാനത്തിൽ, ബി.എൻ.എസ്, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ െചയ്തതായും കൂടുതൽ അന്വേഷണം നടന്നു വരുന്നതായും ഓഷിവാര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.