ന്യൂഡൽഹി: ഹൈദരാബാദ് നിസാമിെന കുറിച്ച് അനാവശ്യവും അവാസ്തവുമായ വിഷം വമിച്ചല്ല, ജനങ്ങൾക്കു വേണ്ടി വല്ലതും ചെയ്ത് സ്വന്തം ക്ഷേമ പദ്ധതികളിലൂടെയാണ് വോട്ടർമാരെ ആകർഷിക്കേണ്ടതെന്ന് നവാബ് മിർ ഉസ്മാൻ അലി ഖാൻ നിസാം ഏഴാമെൻറ പൗത്രൻ നവാബ് നജഫ് അലി ഖാൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിൽ ഹൈദരാബാദ് നഗര ഭരണം പിടിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ കാടിളക്കിയ പ്രചാരണത്തിൽ ഹൈദരാബാദ് നിസാമിനെ കടന്നാക്രമിച്ചതിനെതിരെ മനസ്സ് തുറക്കുകയായിരുന്നു നജഫ് അലി ഖാൻ.
ഹൈദരാബാദിെൻറ പേരു മാറ്റുമെന്നും നിസാം കൾച്ചറിൽനിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്നുമുള്ള വാഗ്ദാനം ശ്രദ്ധപിടിച്ചുപറ്റാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ലെന്നും നൂറ്റാണ്ടുകളായി ഹൈദരാബാദിലെ ജനങ്ങളുടെ സംസ്കാരത്തിെൻറ ഭാഗമായ 'ഗംഗ യമുനാ തഹ്സീബ്' മാറ്റാൻ ഈ രാഷ്ട്രീയക്കാർക്കാവില്ലെന്നും നജഫ് അലി ഖാൻ പറഞ്ഞു. ഹൈദരാബാദ് നിസാമിെന കുറിച്ച് വിഷം വമിപ്പിക്കുകയാണ്. അതിനു പകരം രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കായി എന്തെങ്കിലും ചെയ്തിട്ടു വേണം വോട്ടർമാരെ ആകർഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ തെരഞ്ഞെടുപ്പ് നടക്കുേമ്പാഴെല്ലാം പിതാമഹൻ നിസാമിെൻറ പേര് വലിച്ചിഴക്കുന്നത് പതിവ് കലാപരിപാടിയാണ്. തെൻറ ഭരണകാലത്ത് എല്ലാ മതങ്ങളെയും ആദരിക്കുകയും ഒന്നിപ്പിക്കുകയും ചെയ്തയാളായിരുന്നു നിസാം. സമാധാനവും മതേതരത്വവുമായിരുന്നു ആ ഭരണത്തിെൻറ അടിസ്ഥാനം. മതത്തിനതീതമായി നിന്ന് മതേതരമാകുവാൻ ഒരു വ്യക്തിക്ക് ആവശ്യമായ സ്വഭാവവിശേഷങ്ങളെന്തൊക്കെയാണെന്ന് വോട്ടിനായി ജനങ്ങളെ ഭിന്നിപ്പിക്കാൻ ജാതിയും മതവും ഉപയോഗിക്കുന്നവർക്കറിയില്ല.
37 വർഷം ജാതിയും മതവും നോക്കാതെ തെൻറ രാജ്യത്തെ ജനങ്ങളെ സേവിച്ച മനുഷ്യനെ അഞ്ച് കൊല്ലത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്തിറങ്ങുന്നവരാണ് കരിവാരിതേക്കാൻ ശ്രമിക്കുന്നത്. അവർ, നവാബ് ഉസ്മാൻ അലി ഖാൻ നിസാം ഏഴാമൻ മരണമടഞ്ഞപ്പോൾ ആന്ധ്ര പ്രദേശ് സർക്കാർ ഇറക്കിയ അസാധാരണ വിജ്ഞാപനം ഒരാവർത്തി വായിക്കണം. വിവിധ മതവിഭാഗങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ ഭരണം നടത്തിയ രാജകുടുംബത്തിെൻറ പാരമ്പര്യം കാത്തുസൂക്ഷിച്ചയാളായിരുന്നു നിസാം എന്ന് സർക്കാർ അതിലെഴുതി വെച്ചിട്ടുണ്ട്. നിസാം ഒരു ഫാഷിസ്റ്റ് ആയിരുന്നെങ്കിൽ അദ്ദേഹം കീഴടങ്ങിയ ശേഷവും കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് അദ്ദേഹത്തെ രാജ് പ്രമുഖ് (ഗവർണർ ) ആക്കിയത്? ഇന്നത്തെ വിപണിയിൽ 1600 കോടി രൂപക്കുള്ള അഞ്ച് ടൺ സ്വർണം 1965ൽ ഇന്ത്യാ ഗവൺമെൻറ് ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സ്വീകരിച്ചത് എന്തിനാണ്? ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ സംഭാവനയാണിത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും പ്രതികാര ബോധവും പരത്താൻ ഈ നിസാമിെൻറ പേർ ഇപ്പോൾ ഉച്ചരിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ. എല്ലാ മതങ്ങൾക്കുമായി ഉയർന്നു നിൽക്കുകയും പരിധിക്കപ്പുറം പ്രവർത്തിക്കുകയും ചെയ്ത മറ്റേത് ഭരണാധികാരിയാണ് ചരിത്രത്തിലുള്ളത്? ഇൗ ചോദ്യങ്ങൾക്കൊന്നും നൽകാനുള്ള ഉത്തരം ഇവരുടെ പക്കലുണ്ടാവില്ല.
രാഷ്ട്രീയക്കാർക്ക് ചരിത്രജഞാനമില്ലെങ്കിൽ രാഷ്ട്രീയത്തിെൻറ നിലവാരം അഗാധഗർത്തത്തിലേക്ക് പതിക്കുമെന്നതിന് ഈ സംഭവം വ്യക്തമാക്കുന്നു. വസ്തുതകളും ചരിത്രവും തങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ വളച്ചൊടിക്കുന്നവരുടെ കൈകളിലാണിന്ന് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. 1940കളിൽ നിസാമിെൻറ ഭരണത്തിനു കീഴിൽ പാശ്ചാത്യ രാജ്യങ്ങളേക്കാൾ മികച്ച രാജ്യമായിരുന്നു ഹൈദരാബാദ്. അദ്ദേഹം നൽകിയ വൻ സാമ്പത്തിക സഹായങ്ങൾക്ക് ചരിത്രത്തിൽ സമാനതകളില്ല. സ്വന്തം പണമെടുത്ത് നിംസ് ഹോസ്പിറ്റൽ സ്ഥാപിച്ച പിതാമഹനെ കവർച്ചക്കാരനെന്ന് വിളിക്കുന്നത് പ്രതിച്ഛായ തകർക്കാനാണ്. ഭിന്നിപ്പിച്ചു ഭരിക്കാനിറങ്ങിയവരോട് ഇൗ രാജ്യത്തിന് നിങ്ങളെന്താണ് നൽകിയത് എന്നേ തിരിച്ചുചോദിക്കാനുള്ളൂ എന്ന് നിസാമിെൻറ പൗത്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.