കരുതൽ തടങ്കൽ നിയമം തോന്നും പോലെ ഉപയോഗിക്കരുത്- സുപ്രീംകോടതി

ന്യൂഡൽഹി: കരുതൽ തടങ്കൽ നിയമം തോന്നും പോലെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന ഈ നിയമം സാധാരണ സാഹചര്യത്തിൽ ഉപയോഗിക്കാനുള്ളതല്ല. അസാധാരണ സാഹചര്യങ്ങളിൽ സർക്കാറിന് ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു അസാധാരണ നിയമം സർക്കാറുകൾക്ക് നൽകിയിട്ടുള്ളതെന്നും ജസ്റ്റിസ് സി.ടി. രവികുമാർ, സുധാൻസു ധുലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കരുതൽ തടങ്കൽ നിയമപ്രകാരം ഭർത്താവിനെ തടവിലാക്കിയതിനെതിരെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് റിട്ട് ഹരജി തള്ളിയ തെലങ്കാന ഹൈകോടതിയുടെ ഉത്തരവിനെതിരെയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ സാധാരണ നിയമങ്ങൾകൊണ്ട് തന്നെ നേരിടണം. കരുതൽ തടങ്കൽ നിയമം നടപ്പാക്കേണ്ട അസാധാരണമായ ക്രമസമാധാന പ്രശ്നമില്ലാതെ അത് നടപ്പാക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 21,22 എന്നിവയുടെ ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2020 മുതൽ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി സ്ത്രീകളുടെ മാലപൊട്ടിച്ചുകൊണ്ടുള്ള നിരവധി മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് കമീഷണർ ഹരജിക്കാരിയുടെ ഭർത്താവിനെതിരെ 2021 ഒക്ടോബർ 28ന് കരുതൽ തടങ്കൽ നിയമം ചുമത്തുന്നത്. 30ലധികം കേസുകളിൽ പങ്കുണ്ടെങ്കിലും മാല തട്ടിപ്പറിക്കൽ കേസ് മാത്രമാണ് കരുതൽ തടങ്കലിനായി പരിഗണിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അസാധാരണ ക്രമസമാധാന പ്രശ്നമില്ലാതെയാണ് ഹരജിക്കാരിയുടെ ഭർത്താവിനെ കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കിയതെന്നും ഇത് നീതീകരിക്കാനാകുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags:    
News Summary - Do not use the preventive detention act as it seems- Supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.