(ഫയൽ ചിത്രം)

നാഗ വംശജരുടെ കൊലപാതകം: മാപ്പ് പറഞ്ഞ് കുക്കി-സോ കൗൺസിൽ

ഗുവാഹത്തി: കങ്‌പോക്‌പി ജില്ലയിൽ ആറ് നാഗ വംശജരെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കുക്കി-സോ കൗൺസിൽ. വികാരപരമായ സമ്മർദത്താൽ സംഭവിച്ച ഗുരുതരമായ തെറ്റാണിതെന്ന് കുക്കി-സോ ഗോത്രവർഗക്കാരുടെ സമിതിയായ കെ.ഇസഡ്.സി സമ്മതിച്ചു. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ അക്രമ സംഭവങ്ങളിലും നീതിപൂർവവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് കൗൺസിൽ ചെയർമാൻ ഹെൻലിയന്താങ് തങ്‌ലെറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മെയ് 13നുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് കങ്‌പോക്‌പി, സേനാപതി ജില്ലകളിൽ വിവിധ സായുധ സംഘങ്ങൾ കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ട 50 പേരെ ബന്ദികളാക്കിയിരുന്നു. കങ്‌പോക്‌പിയിൽ മൂന്ന് സഭാ നേതാക്കൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു ഇത്.

അധികൃതരുടെയും സമുദായ നേതാക്കളുടെയും വിവിധ സിവിൽ സൊസൈറ്റി സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളെത്തുടർന്ന് മെയ് 14, 15 തിയതികളിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 30 പേരെ മോചിപ്പിച്ചിരുന്നു. തുടർന്ന് ജൂൺ 10ന്, യുണൈറ്റഡ് നാഗ കൗൺസിലിന്റെയും നാഗ പീപ്പിൾസ് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ ശേഷിച്ചിരുന്ന 14 കുക്കി ഗ്രാമീണരെ കൂടി മോചിപ്പിച്ച് സേനാപതി ​പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

എന്നാൽ ഇതിന്റെ പിറ്റേന്നാണ് കങ്‌പോക്‌പി ജില്ലയിലെ സായിതു-ഗംഫസോൾ സബ് ഡിവിഷനിലുള്ള ഖരാം വൈഫെയ് ഗ്രാമത്തിന് സമീപത്തെ വനപ്രദേശത്തുനിന്ന് ബന്ദികളാക്കപ്പെട്ട ആറു നാഗ വംശജരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് പ്രദേശത്താകെ വീണ്ടും സംഘർഷം രൂപപ്പെടുകയും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായി.

കുക്കി-സോ വിഭാഗത്തിലെ സാധാരണക്കാർ കൊല്ലപ്പെടുന്നതും ഗ്രാമങ്ങൾ കത്തിനശിക്കുന്നതും പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കൗൺസിൽ, അനുരഞ്ജനത്തിനായി എല്ലാ വിഭാഗം ഇരകൾക്കും തുല്യനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.  

Tags:    
News Summary - Kuki-Zo body apologises for killing 6 abducted Nagas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.