ന്യൂഡൽഹി: സ്ത്രീധന പീഡനങ്ങൾക്കും വധുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിക്കുന്നതിനും എതിരെ ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഛത്തീസ്ഗഢിലെ 2010ലെ സ്ത്രീധന മരണക്കേസിൽ പ്രതിയായ ഭർത്താവിന്റെ സഹോദരന്റെ ശിക്ഷാവിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചത്. വധുക്കളെയും അവരുടെ മാതാപിതാക്കളെയും അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
'എന്തിനാണ് ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം അവരെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്നത്? വധുവിനെയും കുടുംബത്തെയും നിരന്തരം അപമാനിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ട്,' - കേസ് പരിഗണിക്കവെ ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കാനാണ് ഭർത്തൃവീട്ടുകാരുടെ ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി.
ഛത്തീസ്ഗഢിൽ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ യുവതി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്. പണവും കാറും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രൊസിക്യൂഷൻ കണ്ടെത്തിയിരുന്നു. വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ വിധിക്കുകയും ഛത്തീസ്ഗഢ് ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കെതിരെ സ്ത്രീധന പീഡനത്തിനുള്ള (498A) വകുപ്പ് മാത്രമാണ് ചുമത്തിയതെന്നും ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാൽ, ഇതിൽ സുപ്രീം കോടതി തൃപ്തരായില്ല. 'നിങ്ങൾക്കെതിരെ 498A വകുപ്പ് മാത്രമുള്ളതിലും മൂന്ന് വർഷത്തെ ശിക്ഷ മാത്രമുള്ളതിലും നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്,' എന്ന് ജസ്റ്റിസ് നാഗരത്ന പ്രതികരിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന പ്രതിഭാഗത്തിന്റെ സാങ്കേതിക വാദവും കോടതി തള്ളി.
ഈയിടെ ഭോപ്പാലിൽ ട്വിഷ ശർമ്മ എന്ന യുവതി സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീധനത്തിനെതിരെ ഉന്നത കോടതിയുടെ ഭാഗത്തുനിന്ന് വീണ്ടും കർശനമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. താഴ്ന്ന കോടതികളുടെ കണ്ടെത്തലുകൾ പൂർണമായും ശരിവെച്ച സുപ്രീം കോടതി പ്രതിയുടെ അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.