കെ. അണ്ണാമലൈ
വീണ്ടും അംഗത്തിനൊരുങ്ങി അണ്ണാമലൈ; തദ്ദേശ തെരഞ്ഞെടുപ്പിൽ 'വി ദ ലീഡേഴ്സ്' മത്സരിക്കും
തിരുച്ചിറപ്പള്ളി: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ രൂപീകരിച്ച 'വി ദ ലീഡേഴ്സ്' രാഷ്ട്രീയ പ്രസ്ഥാനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു. തമിഴ്നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനം സജീവമായി മത്സരിക്കുമെന്ന് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിയിൽ വെച്ച് അണ്ണാമലൈ പ്രഖ്യാപിച്ചു. യഥാർത്ഥ ബദൽ രാഷ്ട്രീയം യാഥാർത്ഥ്യമാക്കാൻ 'ഒരൊറ്റ അണ്ണാമലൈ' പോരെന്നും, സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അനേകം നേതാക്കൾ ഉയർന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി. മന്നാർഗുഡിക്ക് സമീപമുള്ള തലൈയമംഗലം ഗ്രാമത്തിൽ 'വി ദ ലീഡേഴ്സ്' പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 11 ഏക്കറിൽ 15,000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അണ്ണാമലൈ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
'വിരലിലെ മഷി ഉണങ്ങും മുൻപ് കൂറുമാറുന്നവർക്ക് തിരിച്ചടി നൽകണം'
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് സംഭവിച്ച രാഷ്ട്രീയ അപചയങ്ങളെ രൂക്ഷമായി വിമർശിച്ചാണ് അണ്ണാമലൈ പുതിയ നീക്കത്തെ വിശദീകരിച്ചത്:
"കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്നാർഗുഡിയിലും ധാരാപുരത്തുമടക്കം ജനങ്ങളോട് വോട്ട് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ട സ്ഥാനാർത്ഥികൾ, വിരലിലെ മഷി ഉണങ്ങുന്നതിന് മുൻപ് തന്നെ മറുകണ്ടം ചാടി. ഇത്തരം തരംതാണ രാഷ്ട്രീയത്തെ തച്ചുടയ്ക്കാനാണ് ഞങ്ങളുടെ പ്രസ്ഥാനം രൂപീകരിച്ചത്. സിനിമകൾ ആസ്വദിക്കുന്നതിലോ സിനിമയിലുള്ളവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിലോ തെറ്റൊന്നുമില്ല. ആളുകൾ അവരെ ഇഷ്ടപ്പെടുന്നു, വോട്ട് ചെയ്യുന്നു. എന്നാൽ 2031-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഓരോ വോട്ടിനും എന്ത് മാറ്റമാണ് ലഭിക്കാൻ പോകുന്നതെന്ന കാര്യത്തിൽ വോട്ടർമാർക്ക് വ്യക്തതയുണ്ടായിരിക്കണം."
— അണ്ണാമലൈ പറഞ്ഞു.
ആഗോളതാപനം, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കാലികപ്രസക്തമായ വിഷയങ്ങൾക്കാണ് നാടിന് പരിഹാരം ആവശ്യമെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങളുടെ മുന്നേറ്റം മത്സരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പരിസ്ഥിതി പ്രവർത്തനങ്ങളിൽ തുടങ്ങി അടിത്തട്ടിലേക്ക്
വെറുതെ കുറ്റപ്പെടുത്തലുകളും പരാതികളും പറഞ്ഞ് സമയം കളയാതെ, വൃക്ഷത്തൈകൾ നടുക, ആരാധനാലയങ്ങൾ ശുചീകരിക്കുക, ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക തുടങ്ങിയ പൊതുജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മാറ്റം കാണിച്ചുനൽകാൻ അണ്ണാമലൈ തന്റെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിട്ട അണ്ണാമലൈ, ഗ്രാസ്റൂട്ട് തലത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കാനാണ് 'വി ദ ലീഡേഴ്സ്' ഫൗണ്ടേഷനെ പൂർണ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നതിനുള്ള ചുവടുവെപ്പുകളിലേക്ക് കടക്കുന്നത്. എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ ഭരണത്തിനും എ.ഐ.എ.ഡി.എം.കെക്കും ബി.ജെ.പിക്കുമെതിരെ ജനകീയ ബദലായി സംഘടനയെ വളർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.