ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച രേഖകൾ പ്രകാരം, രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവയാണ് കണക്ക് പുറത്തുവിട്ടത്. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എം.എൽ.എമാരുടെ സ്വത്ത് വിവരം താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
പട്ടികയിലെ ആദ്യ 20 എം.എൽ.എമാരിൽ 12 പേരും കർണാടകയിൽനിന്നാണ്. കർണാടകയിലെ 32 എം.എൽ.എമാരും ശതകോടീശ്വരന്മാരാണ്. കോൺഗ്രസ്- 19, ബി.ജെ.പി- ഒമ്പത്, ജെ.ഡി-എസ്- രണ്ട്, കെ.ആർ.പി.പി- ഒന്ന് എന്നിങ്ങനെയാണിത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കർണാടക എം.എൽ.എമാർ മുന്നിലാണ്. 62 ശതമാനം പേരും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരാണ്.
സമ്പന്ന എം.എൽ.എമാരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തും കർണാടകക്കാരാണ്. ശിവകുമാറിന് പിന്നിൽ ചിക്കബല്ലാപുര ഗൗരിബിദനൂരിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാമത്; ആസ്തി 1267 കോടി. ബംഗളൂരു ഗോവിന്ദരാജ നഗറിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ പ്രിയ കൃഷ്ണയാണ് മൂന്നാമത്; 1156 കോടി.
39കാരനായ പ്രിയകൃഷ്ണ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ കൂടിയാണ്. കണക്കുപ്രകാരം പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽനിന്നുള്ള നിർമൽ കുമാർ ധാരയാണ് രാജ്യത്തെ ഏറ്റവും പാവപ്പെട്ട എം.എൽ.എ. ബാധ്യതകളൊന്നുമില്ലാത്ത ഇദ്ദേഹത്തിന് 1700 രൂപയാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.