ഡി.കെ. ശിവകുമാർ
ന്യൂഡൽഹി: കർണാടകയിൽ നേതൃമാറ്റത്തിനുള്ള വടംവലിയും അനുരഞ്ജന ചർച്ചകളും വാർത്തയാകുന്നതിനിടെ ഡൽഹിയിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. അതേ സമയം, ഹൈകമാൻഡുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിൽ എത്തിയതെന്നായിരുന്നു ഡി.കെയുടെ വിശദീകരണം.
‘രാഷ്ട്രീയ അജണ്ടകളൊന്നുമില്ല, എന്റെ ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവിടെയെത്തിയത്. അതിനൊപ്പം ഡിസംബർ 14ന് നടക്കുന്ന വോട്ട് ചോരി റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തേണ്ടതുണ്ടായിരുന്നു. കാബിനറ്റ് മീറ്റിങ് ഉള്ളതുകൊണ്ട് രാവിലെ തന്നെ മടങ്ങുകയും ചെയ്യും.’ ഡി.കെ പറഞ്ഞു.
അതേസമയം, ഡി.കെയുടെ ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാർട്ടി ഹൈകമാൻഡ് ആവശ്യപ്പെട്ടാലേ ഡൽഹിയിൽ എത്തി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയുള്ളൂവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘അദ്ദേഹം പോകട്ടെ, എന്നെ വിളിച്ചാൽ മാത്രമാണ് ഞാൻ പോവുക. അങ്ങിനെ ഒരുക്ഷണം ഇതുവരെ ലഭിച്ചില്ല,’ സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം മംഗളുരുവിൽ നടന്ന പാർട്ടി സമ്മേളനത്തിൽ വിഭാഗീയത വ്യക്തമാക്കുന്ന മുദ്രാവാക്യം വിളികളുയർന്നിരുന്നു. ഇതിന് പിന്നാലെ അച്ചടക്കം വേണമെന്നടക്കം ഡി.കെ പാർട്ടി പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത ചടങ്ങിലായിരുന്നു നാടകീയ സംഭവങ്ങൾ.
സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ, ഹൈകമാൻഡ് നിർദേശമനുസരിച്ച് ഇരുനേതാക്കളും പ്രാതൽ ചർച്ചകളടക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെ, അഭിപ്രായ ഭിന്നതയില്ലെന്നും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ഇരുവരും സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, പ്രതിസന്ധി ഇതിലൊന്നും തീരില്ലെന്നും അടിത്തട്ടിൽ വിഭാഗീയത മുനിഞ്ഞുകത്തുന്നുവെന്നും വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം മംഗളുരുവിലെ പാർട്ടിയോഗത്തിലുണ്ടായ സംഭവം.
ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടത്. തുടർന്ന്, ഹൈകമാൻഡ് നിർദേശമനുസരിച്ചായിരുന്നു പരസ്പരം ഇരുവരും പ്രാതലിന് ക്ഷണിക്കുകയും വസതികളിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.