കർണാടക മന്ത്രിസഭയിൽ രണ്ട് മലയാളികളും; ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ടാണ് ഡി.കെ. മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ വൈകീട്ട് ബംഗളൂരുവിൽ നടക്കും.

ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും നാളെ ചുമതലയേൽക്കും. മലയാളികൾക്ക് അഭിമാനമായി കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നീ രണ്ട് മലയാളി നേതാക്കൾ മന്ത്രിസഭയിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എന്നിവരും മന്ത്രിസഭയിലെ പുതുമുഖങ്ങളാകും.

ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് പ്രമുഖർ. ഭരണമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ട മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭ വിപുലീകരിക്കുക.

കർണാടക രാഷ്ട്രീയത്തിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകണം എന്ന കാര്യത്തിൽ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു.

പുതിയ മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ എന്നിവരെ ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ‘കുടുംബ രാഷ്ട്രീയം’ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഭരണമാറ്റം സുഗമമാക്കുന്നതിനായി സിദ്ധരാമയ്യ പക്ഷത്തിന് അമിത പ്രാധാന്യം നൽകിയതും വലിയ ചർച്ചയാണ്.

സിദ്ധരാമയ്യയുടെ പക്ഷത്ത് നിന്ന് ഒമ്പത് പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന റിപ്പോർട്ടുകൾ ഡി.കെ. പക്ഷത്ത് അതൃപ്തിക്ക് ഇടയാക്കിയേക്കാം.വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമിടയിലും കേരളത്തിന് അഭിമാനകരമായ വാർത്തയായി കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നീ രണ്ട് മലയാളികൾ മന്ത്രിസഭയിൽ ഇടംപിടിച്ചത് മാറിയിട്ടുണ്ട്. കർണാടക രാഷ്ട്രീയത്തിൽ മലയാളി സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഈ തീരുമാനം.

Tags:    
News Summary - D.K. Shivakumar to be Karnataka CM Tomorrow; 2 Malayalis in Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.