കർണാടക സർക്കാറിന് 'ചെക്ക് വെച്ച്' കോൺഗ്രസ്; തൊഴിലാളികളുടെ യാത്ര സൗജന്യമായി

ബംഗളൂരു: ബംഗളൂരുവിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും  ഇതര ജില്ലകളിലേക്കുള്ള തൊഴിലാളികളുടെ ബസ് യാത്രക്ക് അമിത നിരക്ക് ഈടാക്കിയ കർണാടക സർക്കാറിന്റെ നടപടിക്ക് 'ചെക്ക് വെച്ച് ' കോൺഗ്രസ്. 

പ്രതിഷേധ സൂചകമായി കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ കെ.എസ്.ആർ.ടി.സി എം.ഡിക്കു യാത്ര ചെലവിനായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു.

തൊട്ടുപിന്നാലെ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കി യദിയൂരപ്പ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

ലോക്ഡൗണിനെത്തുടർന്ന് കർണാടകയിലെ വിവിധയിടങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇത് ആശ്വാസമാകും. 

തൊഴിലാളികൾക്ക് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരമായ ബംഗളൂരുവിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും കർണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന്  മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. 

തൊഴിലാളികളെ സൗജന്യമായി യാത്ര ചെയ്യാനനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്, ഇതിനായി ഒരു കോടി രൂപയുടെ ചെക്ക് കെ.എസ്.ആര്‍.ടി.സിയുടെ പേരില്‍ നൽകുകയായിരുന്നു. 

തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് ചെലവാകുന്ന ഒരു കോടി രൂപയാണിതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വിശദീകരിക്കുന്ന   കത്തും കെ.പി.സി.സി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ഡി.കെ. ശിവകുമാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറിയിരുന്നു. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അത് നല്‍കാന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര സൗജന്യമാക്കിയതായി അറിയിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഉത്തരവ് വന്നത്. ശനിയാഴ്ച ഒറ്റചാര്‍ജ് ഈടാക്കി 120 ബസുകള്‍ ഉപയോഗിച്ച് 3600 തൊഴിലാളികളെ സ്വന്തം സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു.

Tags:    
News Summary - DK Shivakumar gives One crore Rupees to KSRTC to ensure free transportation of migrants -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.