ടി.വി.കെ വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം; പരാതി നൽകി നടി രഞ്ജന നാച്ചിയാർ

ചെ​ന്നൈ: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം അനുഭാവികൾക്കെതിരെ പരാതി നൽകി നടി രഞ്ജന നാച്ചിയാർ. ടി.വി.കെ വിട്ട് ഡി.എം.കെയിൽ ചേർന്നതിന് പിന്നാലെയായിരുന്നു രഞ്ജനക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണം. സ്വന്തം പാർട്ടിയിലെ വനിതകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ് മറ്റു പാർട്ടികളിലെ സ്ത്രീകൾ തങ്ങളുടെ പാർട്ടി അനുഭാവികളിൽനിന്ന് അപമാനിക്ക​പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പരാതി നൽകിയശേഷം രഞ്ജന പറഞ്ഞു.

വ്യാഴാഴ്ച ഒരു സ്വകാര്യ ചടങ്ങിൽ ടി.വി.കെ വനിതാ അനുഭാവികളെ വേശ്യകൾ എന്ന് പരാമർശിച്ചതിന് ഡി.എം.കെ അനുഭാവിയും രാഷ്ട്രീയ നിരൂപകനുമായ പൊൻരാജ് വെള്ളൈച്ചാമിക്കെതിരെ നടനും ടി.വി​.കെ നേതാവുമായ വിജയ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ടി.വി.കെ-ഡി.എം.കെ പോര് കനത്തത്.

വിജയ് സ്ത്രീക​ളോട് അനാദരവ് കാണിക്കുന്നു, നേതൃത്വത്തെ സമീപിക്കാൻ കഴിയുന്നില്ല, അടിസ്ഥാന കേഡർമാരെ അവഗണിക്കുന്നു, ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയവ ആരോപിച്ചാണ് രഞ്ജന ടി.വി.കെ വിട്ടത്.

നേരത്തേ, ടി.വി.കെയിൽനിന്ന് പുറത്തുപോകുന്നതിന് മുമ്പുതന്നെ വിജയ് ക്കെതിരെ വിമർശനങ്ങളുമായി രഞ്ജന രംഗത്തെത്തിയിരുന്നു. വനിത ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ വിജയ് യുടെ വിവാഹബന്ധത്തെക്കുറിച്ചുള്ള പ്രസ്താവനകളാണ് അവർ നടത്തിയത്. വിജയ്​ക്കെതിരായ ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്നും അവർ പറഞ്ഞിരുന്നു.

ടി.വി.കെയിൽ ചേരുന്നതിന് മുമ്പ് രഞ്ജന ബി.​ജെ.പിയിലായിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കൽ വിവാദത്തെ തുടർന്ന് 2025 ഫെബ്രുവരിയിലാണ് അവർ ബി.ജെ.പി വിട്ടത്. ഭരണകക്ഷിയായ ഡി.എം.കെയിലേക്ക് മാറിയതിന് ശേഷം ടി.വി.കെ അനുഭാവികൾ ഓൺലൈനിലൂടെ തന്നെ ലക്ഷ്യം വെക്കുകയാണെന്നായിരുന്നു രഞ്ജനയുടെ ആരോപണം. ഓൺലൈനിലൂടെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയവക്കെതിരെയാണ് ​രഞ്ജന ​പൊലീസിൽ പരാതി നൽകിയത്.

അപകീർത്തിപ്പെടുത്തൽ, ഭീഷണി, അധിക്ഷേപകരമായ ഉള്ളടക്കത്തിന്റെ പ്രചരണം, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയവയും തനിക്ക് നേരിടേണ്ടി വന്നതായി അവർ ആരോപിച്ചു. പരാതിയിൽ തെളിവായി സമൂഹമാധ്യമ പോസ്റ്റുകളുടെ സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും വോയ്സ് നോട്ടുകളും നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും അപമാനിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - disrespect to women Actor Ranjana accuses TVK supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.