സുപ്രീംകോടതി
ന്യൂഡൽഹി/ മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള ശിവസേന വിമത എം.എൽ.എമാർക്ക് എതിരെയുള്ള അയോഗ്യത ഹരജി പരിഗണിക്കുന്നതിന് കൃത്യമായ സമയക്രമം 30നകം സമർപ്പിക്കാൻ സ്പീക്കർ രാഹുൽ നർവേക്കർക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. 30ന് സമയക്രമം സമർപ്പിച്ചിട്ടില്ലെങ്കിൽ സമയക്രമം തങ്ങൾ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
തങ്ങളുടെ നിർദേശം സ്പീക്കർക്ക് തള്ളാനാകില്ലെന്ന് മുമ്പ് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അയോഗ്യത ഹരജികളിൽ തീർപ്പാക്കുന്നത് സ്പീക്കർ വൈകിപ്പിക്കുന്നു എന്നാരോപിച്ചും വേഗത്തിലാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടും ഉദ്ധവ് താക്കറെപക്ഷ ശിവസേന നൽകിയ ഹരജിയിലാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോഗ്യത ഹരജികൾ സമയബന്ധിതമായി തീർപ്പുകൽപിക്കണമെന്നാണ് കോടതിയുടെ നിർദേശം.
അതേസമയം എം.എൽ.എമാരുടെ ഏത് നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും എങ്കിലേ തുടർനടപടി സാധ്യമാകൂവെന്നും സ്പീക്കർ രാഹുൽ നർവേക്കർ മാധ്യമങ്ങളോട് പറഞ്ഞു. നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകാനാണ് സ്പീക്കറുടെ ശ്രമമെന്നാണ് ആരോപണം. ബി.ജെ.പി എം.എൽ.എയാണ് നർവേക്കർ. ഉദ്ധവ്പക്ഷ എം.എൽ.എമാർക്കെതിരെയും ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം എട്ട് എൻ.സി.പി വിമതർക്കെതിരെയും അയോഗ്യത ഹരജികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.