പാകിസ്താനിലെ മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു

ഇസ്ലാമാബാദ്: ചാരവൃത്തി നടത്തിയതായി പാകിസ്താന്‍ ആരോപിക്കുന്ന മൂന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരായ അനുരാഗ് സിങ്, വിജയ് കുമാര്‍, മാധവന്‍ നന്ദകുമാര്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. ഇസ്ലാമാബാദില്‍ നിന്ന് ദുബൈ വഴി ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ഒരുപറ്റം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്താനില്‍ തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പാക് വിദേശകാര്യ ഉദ്യോഗസ്ഥന്‍ നഫീസ് സകരിയ ആരോപിച്ചിരുന്നു.  എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളായ ഐ.ബിയുമായും റോയുമായും ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

ഇവരുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ പാകിസ്താനില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് തിരിച്ചു വിളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനം നടത്തിയ ആറ് പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥരുടെ പേര് നേരത്തെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ പാകിസ്താന്‍ തിരിച്ചുവിളിക്കുകയുമുണ്ടായി.  

അതേസമയം, ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ കഴിഞ്ഞ ദിവസം പാകിസ്താന്‍ വീണ്ടും വിളിച്ചുവരുത്തി. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതായി ആരോപിച്ച് പ്രതിഷേധം അറിയിക്കാനാണ് വിളിച്ചു വരുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം തവണയാണ് ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തുന്നത്.

ഇന്ത്യന്‍ ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്നു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ മാസം 27ന് ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാലെയെ പാക് വിദേശകാര്യ സെക്രട്ടറി വിളിച്ചു വരുത്തിയിരുന്നു.

Tags:    
News Summary - diplomatic dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.