ബംഗളൂരു: സുരക്ഷ പ്രശ്നവും തെളിവുനശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽകണ്ട് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിൽ നാലുപേരെ കർണാടകയിലെ വിവിധ ജയിലുകളിലേക്കു മാറ്റുന്നു. നിലവിൽ പ്രതികൾ കഴിയുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ അധി കൃതർ ഇക്കാര്യം ആവശ്യപ്പെട്ട് ഗൗരി ലങ്കേഷ് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചു. മുഖ്യപ്രതികളായ അമോൽ കാലെ, പരശുറാം വാഗ് മറെ, മനോഹർ എഡ് വെ, അമിത് ദേഗ് വെക്കർ എന്നിവരെ സംസ്ഥാനത്തെ വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നാലുപേരുടെയും ജീവന് ഭീഷണിയുണ്ടെന്നും ഒരു ജയിലിൽതന്നെ ഇവരെ തടവിൽ പാർപ്പിക്കുന്നതിൽ സുരക്ഷാപ്രശ്നമുണ്ടെന്നും ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. നാലുപേരും ഒന്നിച്ചായാൽ തെളിവു നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ മറ്റു ജയിലുകളിലേക്കു മാറ്റുന്നതാണ് അഭികാമ്യമെന്നും അധികൃതർ വ്യക്തമാക്കി. ജയിൽ അധികൃതരുെട ആവശ്യത്തെതുടർന്ന് ജയിൽ വകുപ്പിെൻറ ചുമതലയുള്ള എ.ഡി.ജി.പി എൻ.എസ്. മേഘരിക് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായാണ് വിവരം. കോടതിയുടെ ഉത്തരവിറങ്ങിയാൽ ഇവരെ മാറ്റും.
ഗൗരിയുടെ ഘാതകനായ പരശുറാം വാഗ് മറെയെ തുമകുരുവിലെ ജയിലിലേക്കും അമോൽ കാലെയെ മൈസൂരുവിലേക്കും മനോഹറിനെ ശിവമൊഗ്ഗയിലേക്കും അമിതിനെ ബെള്ളാരിയിലേക്കുമാണ് മാറ്റുക. ഇവരെ മാറ്റുന്നത് കേസിനെ ബാധിക്കില്ലെന്നും വിഡിയോ കോൺഫറൻസിലൂടെ ഇവരെ ചോദ്യം െചയ്യാവുന്നതാണെന്നുമാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമോൽ കാലെയെ ഇപ്പോഴും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.