ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെ രാധാകുഞ്ജ് കോളനിയിലാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (47) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തനിക്ക് കാൻസറാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സക്കായി പണം പാഴാകാതിരിക്കാനാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കുൽദീപ് 45കാരിയായ ഭാര്യ നീഷു ത്യാഗിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാൻസറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാൻ പ്രതിജ്ഞയെടുത്തതിനാലാണ് താൻ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തന്റെ മാത്രം തീരുമാനമാണെന്നും കുൽദീപ് കത്തിൽ വ്യക്തമാക്കി.
അയൽക്കാർ വിവരം അറിച്ചതു പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവസ്ഥലത്തുനിന്നു പൊലീസ് തോക്ക് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.