ലഖ്നോ: പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേള അവസാനിച്ചയുടൻ ലക്ഷക്കണക്കിന് ആമകൾ കൂട്ടമായി ഗാംഗാതീരത്തേക്ക് ഒഴുകിയെത്തിയെന്ന തരത്തിൽ ഒരു വിഡിയോ പ്രചരിച്ചിരുന്നു. സത്യത്തിൽ അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പരിശോധിക്കുകയാണ് ഇവിടെ. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫെബ്രുവരി 26ന് ശിവരാത്രി ദിനത്തിലാണ് കുംഭമേള അവസാനിച്ചത്.
അതുകഴിഞ്ഞാണ് ഗംഗാതീരത്തേക്ക് ആമകൾ കൂട്ടമായി എത്തുന്ന വിഡിയോ പ്രചരിച്ചത്. പ്രയാഗ് രാജിൽ നിന്നുള്ള വിഡിയോ ആണിതെന്നാണ് പലരും കരുതിയത്. മഹാകുംഭമേള അവസാനിക്കുമ്പോൾ ഇത്തരത്തിൽ ആമകൾ ഗംഗാതീരത്തേക്ക് എത്തുമെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി.
ഗംഗയിലെ സ്നാനത്തോടെയാണ് കുംഭമേള അവസാനിക്കുന്നത്. അത് കഴിഞ്ഞയുടൻ ആമകൾ ഗംഗാതീരത്തേക്ക് എത്തിയെന്നാണ് വിഡിയോയിൽ ഒരാൾ പറയുന്നത്. ഒരുപാട് ആമകളുണ്ട് വിഡിയോയിൽ. അത് കാണാനായി വലിയ ആൾക്കൂട്ടവുമുണ്ട്. എന്നാൽ ബിഹാറിൽനിന്നുള്ള അപകടത്തിന്റെ കാഴ്ചയാണിതെന്നാണ് മറ്റൊരാൾ പറയുന്നത്.
വിഡിയോ ഫ്രെയിം പരിശോധിച്ചപ്പോഴാണ് സത്യം മനസിലായത്. ഈ വിഡിയോ പ്രയാഗ് രാജിൽ നിന്നുള്ളതല്ല, ഒഡിഷയിൽ നിന്നുള്ളതാണ്. എല്ലാവർഷവും ഒഡിഷയിലെ റുഷികുല്യ നദീതീരത്തേക്ക് മുട്ടയിടാനായി ആമകൾ എത്താറുണ്ട്. അതിന്റെ ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രയാഗ് രാജിൽ നിന്നുള്ള വിഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
ഫെബ്രുവരി 23ന് എം.എച്ച് വൺ ന്യൂസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒഡിഷയിൽ നിന്നുള്ള വിഡിയോ ആണെന്നാണ് അതിൽ പറഞ്ഞിരുന്നത്. കൂടാതെ അതേ ദിവസം തന്നെ ഇൻസ്റ്റഗ്രാം റീൽസിലും വിഡിയോ പങ്കുവെക്കുകയുണ്ടായി. മുട്ടയിടാനായി ഒലിവ് റിഡ്‍ലി വിഭാഗത്തിൽ പെട്ട ഏഴു ലക്ഷത്തോളം ആമകൾ ഒഡിഷയിലെ ഗഞ്ചം ജില്ലയിലെത്തിയപ്പോൾ എന്നായിരുന്നു വിഡിയോയുടെ തലക്കെട്ട്.
ഇതിനെ കുറിച്ച് ദ പ്രിന്റ് വാർത്തയും നൽകിയിരുന്നു. മുട്ടയിടാനായി ഏതാണ്ട് 6.82 ലക്ഷം ആമകളാണ് ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നദീതീരത്ത് എത്തിയത് എന്നും 2024ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. മുൻവർഷങ്ങളിലും സമാനരീതിയിൽ ഇവിടേക്ക് ആമകൾ എത്തിയിരുന്നു. അതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. ഈ വർഷം ഫെബ്രുവരി 16നും 25നുമിടയിലാണ് ആമകൾ മുട്ടയിടാനായി എത്തിയത്. ഇത് സ്വാഭാവികമായി നടക്കുന്ന പ്രകൃയയാണ്. അതിന് പ്രയാഗ് രാജിലെ കുംഭമേളയുമായി ഒരു ബന്ധവുമില്ല. മുട്ടയിടാനെത്തുന്ന ആമകൾക്ക് ഒഡിഷ സർക്കാർ സംരക്ഷണവും ഒരുക്കുന്നുണ്ട്. മഹാകുംഭമേളയെ കുറിച്ച് നിരവധി വ്യാജ വിഡിയോകൾ പ്രചരിച്ചിരുന്നു. അതിലൊന്ന് മാത്രമാണ് ആമകളുടെതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.