ലണ്ടൻ: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നൽകിയ ഹരജി യു.കെ അപ്പീൽ കോടതി തള്ളി. നേരത്തെ നീരവിന്റെ ഹരജി ലണ്ടൻ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് അപ്പീൽ കോടതിയെ സമീപിച്ചത്. ഇതും തള്ളിയതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് നീരവിനു മുന്നിൽ ഇനിയുള്ള ഏക മാർഗമെന്നാണ് റിപ്പോർട്ട്.
പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിലാണ് വിചാരണക്കായി നീരവിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ നീരവ് മോദി ലണ്ടൻ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. പിടികിട്ടാപ്പുള്ളിയായ ബിസിനസുകാരനെ ഇന്ത്യയിലേക്ക് നാടുകടത്താൻ ബ്രിട്ടൻ തയാറാണെന്ന് കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.