ഡി.എച്ച്.എഫ്.എൽ വായ്പ തട്ടിപ്പ്: ബി.ജെ.പി കോടികൾ സംഭാവന വാങ്ങിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോടികളുടെ വായ്പ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഡി.എച്ച്.എഫ്.എൽ കമ്പനിയുടെ പ്രമോട്ടർമാരിൽനിന്നും മറ്റു അനുബന്ധ കമ്പനികളിൽനിന്നുമായി ബി.ജെ.പി കോടികളുടെ സംഭാവന വാങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്.

പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടന്നിട്ടും തട്ടിപ്പുകാരിൽനിന്ന് പണം വീണ്ടെടുക്കാൻ സർക്കാർ എന്താണ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ ചോദിച്ചു. രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരിൽനിന്ന് ഉൾപ്പെടെ പണം വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ല. 17 ബാങ്കുകളുടെ കൂട്ടായ്മയിൽനിന്നായി 34,615 കോടിയാണ് ഡി.എച്ച്.എഫ്.എൽ വായ്പ തട്ടിപ്പ് നടത്തിയത്.

രാജ്യത്തെതന്നെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തിയിട്ടും ഡി.എച്ച്.എഫ്.എല്ലുമായി ബന്ധമുള്ള കമ്പനികളിൽനിന്നും തട്ടിപ്പുനടത്തിയ പ്രമോട്ടർമാരിൽനിന്നും 27.5 കോടിയിലധികം രൂപ ബി.ജെ.പി സംഭാവനയായി വാങ്ങിയെന്നും സുപ്രിയ ശ്രിനതെ ആരോപിച്ചു. ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള ആർ.കെ.ഡബ്ല്യു ഡെവലപ്പേഴ്സിൽനിന്ന് പത്തു കോടിയും വധാവൻ ഗ്ലോബൽ കാപിറ്റൽ ലിമിറ്റഡിൽനിന്ന് പത്തു കോടിയും വധാവൻ കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള ദർശൻ ഡെവലപ്പേഴ്സിൽനിന്ന് 7.5 കോടിയും ബി.ജെ.പി സംഭാവനയായി കൈപ്പറ്റി. ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയവരിൽനിന്ന് ബി.ജെ.പി സംഭാവന സ്വീകരിക്കുന്നത് തുടരുന്നത് എന്തിനാണെന്നും ഇരുകൂട്ടരും തമ്മിൽ കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - DHFL loan scam: Congress says BJP took crores of donations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.