ധർമേന്ദ്ര പ്രധാന്റെ രാജി; 'പാറ്റ'കൾക്ക് പിന്തുണയുമായി സോനം വാങ്ചുക്കും, പ്രതിഷേധത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജൂൺ 6ന് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക് രംഗത്ത്. ജൂൺ 5നകം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരത്തിൽ നേരിട്ട് പങ്കുചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വാങ്ചുക് ഇക്കാര്യം അറിയിച്ചത്.

പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു. സ്വാഭിമാനമുള്ള ഏതൊരു മന്ത്രിയും ഈ സാഹചര്യത്തിൽ രാജിവെക്കാൻ തയ്യാറാകണമെന്നും പറഞ്ഞു.

ഹിമാലയൻ മേഖലയിലെ ജലക്ഷാമം പരിഹരിക്കാനായി കൃത്രിമ മഞ്ഞുമലകൾ നിർമ്മിച്ചതിലൂടെയും ലഡാക്കിലെ വിദ്യാർത്ഥികൾക്കായി സെക്‌മോൾ എന്ന വിദ്യാഭ്യാസ പ്രസ്ഥാനം സ്ഥാപിച്ചതിലൂടെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് സോനം വാങ്ചുക്. ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്‌സി’ലെ കേന്ദ്രകഥാപാത്രത്തിന് പ്രചോദനമായതും ഇദ്ദേഹത്തിന്റെ ജീവിതമായിരുന്നു. ലഡാക്കിന്റെ പ്രത്യേക പദവിക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി മുൻപും നിരവധി സമരങ്ങൾ നടത്തിയിട്ടുള്ള വാങ്ചുക്, കഴിഞ്ഞ വർഷം നടത്തിയ പ്രതിഷേധങ്ങളുടെ പേരിൽ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം ആറ് മാസത്തോളം തടവിലാവുകയും ചെയ്തിട്ടുണ്ട്.

നീറ്റ്‌-യുജി പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ സാങ്കേതിക തകരാറുകൾ, സിയുഇടി പരീക്ഷാ നടത്തിപ്പിലെ അപാകതകൾ എന്നിവ കാരണം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാണ്. നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നതും വിഷയത്തിൽ സിബിഐ അന്വേഷണം നടക്കുന്നതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സോനം വാങ്ചുക് ഇപ്പോൾ സിജെപിയോടൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത്.

Tags:    
News Summary - Dharmendra Pradhan's resignation; Sonam Wangchuk also supports cjp and will participate in the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.