അഭിജീത് ദീപ്കെ

സി.ജെ.പി പ്രക്ഷോഭത്തിനു പിന്നാലെ അഭിജീത് ദീപ്കെക്ക് വിവാഹ ആലോചനകളുടെ ‘പ്രവാഹം’; മാതാവിന് പറയാനുള്ളത് ഇതാണ്...

മുംബൈ: കോക്രോച്ച് ജനത പാർട്ടിയുടെ ചരിത്ര പ്രക്ഷോഭത്തിനു പിന്നാലെ അഭിജീത് ദീപ്കെക്ക് നിരവധി വിവാഹ ആലോചനകൾ വരുന്നതായി മാതാവ് അനിത ദീപ്കെ.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ ജന്തർ മന്തറിൽ നടത്തിയ പോരാട്ട വീര്യത്തിനു മുന്നിൽ കേന്ദ്ര സർക്കാറിനു മുട്ടുമടക്കേണ്ടി വന്നിരുന്നു. യുവരോഷത്തിൽ ഭയന്ന മോദി സർക്കാർ ഒടുവിൽ പ്രധാനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് സമരം തുടങ്ങി 35ാം ദിവസം പ്രക്ഷോഭകരുടെ ആവശ്യം സർക്കാറിന് അംഗീകരിക്കേണ്ടി വന്നു. സമരത്തിന്‍റെ വിജയത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‍കെയുടെ പങ്ക് വളരെ വലുതായിരുന്നു.

സംഘടനയുടെ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ മുഖമായി, രാജ്യത്തെ പ്രമുഖ യുവനേതാക്കളിലൊരാളായി അഭിജീത് മാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോൾ അഭിജീതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വിവാഹ ആലോചനകൾ വരുന്നുണ്ടെന്നതാണ് രസകരമായ കാര്യം. അഭിജീത്തിന്‍റെ മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കുറേ നാളുകളായി അവന് വിവാഹ ആലോചനകൾ വരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ആലോചനകൾ വരുന്നുണ്ടെങ്കിലും, പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷമേ വിവാഹം കഴിക്കൂ എന്നാണ് അവൻ പറയുന്നത്’ -അനിത മാധ്യമങ്ങളോട് മനസ്സ് തുറന്നു.

എന്നാൽ, സി.ജെ.പി പ്രസ്ഥാനത്തിന്‍റെ മുഖമായി മകൻ ഉയർന്നുവന്നതിനുശേഷം കല്യാണ ആലോചനകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അനിതയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തന്റെ കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. പഠനം കഴിഞ്ഞിട്ട് എന്തെങ്കിലും സമ്പാദിക്കാൻ അവസരം തരൂ. അതില്ലാതെ എങ്ങനെ വിവാഹം കഴിക്കും എന്നാണ് മകൻ ചോദിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്കു നീതി തേടിയാണ് കഴിഞ്ഞ ജൂൺ ആറിന് ബോസ്റ്റണിൽനിന്ന് അഭിജീത് നാട്ടിലേക്ക് മടങ്ങുന്നത്.

പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ ദീപ്‍കെ പൂനൈയിൽ നിന്നാണ് മാധ്യമപ്രവർത്തനത്തിൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. 2020നും 2022നും ഇടയിൽ, ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചു. 2020 ഫെബ്രുവരിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി വിജയിച്ച ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ഓൺലൈൻ രാഷ്ട്രീയ പ്രചാരണത്തെ മാറ്റിമറിച്ച 'മീം' അധിഷ്ഠിത ഡിജിറ്റൽ പ്രചാരണത്തിന് നേതൃത്വം നൽകി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ സി.ജെ.പിയുടെ രൂപീകരണത്തോടെയാണ് അഭിജീത് ശ്രദ്ധ നേടുന്നത്. അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജിയോടെ സി.ജെ.പി സമരം വിജയിച്ചെങ്കിലും, തൽക്കാലം സജീവ രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിലേക്ക് കടക്കാനില്ലെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. യുവാക്കളുടെ നേതൃത്വത്തിലുള്ള താഴെത്തട്ടിലെ ജനകീയ മുന്നേറ്റം ശക്തമാക്കാനാണ് മുൻഗണനയെന്നും നേതൃത്വം പ്രതികരിച്ചിരുന്നു.

Tags:    
News Summary - Abhijeet Dipke's Mother Reveals Wedding Proposal Pouring In For Son From Across Nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.