ഭോപ്പാൽ: 2022ലെ രാമനവമി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ 11 മുസ്ലിം യുവാക്കളെയും വെറുതെവിട്ടു. തെളിവില്ലെന്ന് പറഞ്ഞാണ് നാലു വർഷത്തിനുശേഷം ഖാർഗോണിലെ സെഷൻസ് കോടതി യുവാക്കളെ വെറുതെവിട്ടത്.
കുറ്റം സംശയരഹിതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. 11 പേരും 462 മുതൽ 827 ദിവസം വരെ കേസിൽ ജയിലിൽ കഴിഞ്ഞവരാണ്. പ്രോസിക്യൂഷന്റെ തെളിവുകളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് നാലാം അഡീഷനൽ സെഷൻസ് ജഡ്ജി (മണ്ഡലേശ്വർ) കണ്ടെത്തി. 13 പ്രോസിക്യൂഷൻ സാക്ഷികളിൽ എട്ടുപേർ വിചാരണവേളയിൽ മൊഴി മാറ്റുകയും പ്രതികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. അക്രമികളുടെ വ്യക്തിത്വം തർക്കവിഷയമായിരുന്നിട്ടും തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദുക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കുംനേരെ കല്ലുകളും പെട്രോൾ ബോംബുകളും എറിയുകയും കേടുപാടുകൾ വരുത്തുകയും ചെയ്ത ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്നു പ്രതികളായ മുസ്ലിം യുവാക്കളെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. കലാപം, തീവെപ്പ്, ഗൂഢാലോചന, അതിക്രമിച്ചുകയറൽ, സ്ഫോടകവസ്തു നിയമലംഘനം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, എഫ്.ഐ.ആറിലോ ആദ്യ പരാതികളിലോ പേരില്ലാത്ത ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രമാണ് പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചതെന്നും സംഭവം നടന്ന് 51 ദിവസങ്ങൾക്കുശേഷമാണ് അവരുടെ മൊഴി രേഖപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി. കൂടാതെ, പിടിച്ചെടുത്ത വസ്തുക്കളിൽ പെട്രോൾ, ഡീസൽ അല്ലെങ്കിൽ മണ്ണെണ്ണ എന്നിവയുടെ അവശിഷ്ടങ്ങളൊന്നും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം പ്രോഷിക്യൂഷൻ വാദങ്ങളെ ദുർബലപ്പെടുത്തി.
തുടർന്നാണ് കലാപം, തീവെപ്പ്, ഗൂഢാലോചന, അതിക്രമിച്ചുകയറൽ, സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയ എല്ലാ ആരോപണങ്ങളിൽനിന്നു 11 പ്രതികളെയും കോടതി കുറ്റമുക്തരാക്കിയത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവില്‍ റൈറ്റ്സിനു എന്ന സംഘടനാണ് മുസ്ലിം യുവാക്കൾക്കുവേണ്ടി കേസ് നടത്തിയത്. അഡ്വ. രേഖ ശ്രീവാസ്തവയാണ് അവർക്കുവേണ്ടി ഹാജരായത്.
2022 ഏപ്രിൽ 10ന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോണിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. അക്രമത്തിൽ ഇദ്രിസ് ഖാൻ എന്ന മുസ്ലിം ചെറുപ്പക്കാരൻ കൊല്ലപ്പെടുകയും നിരവധി മുസ്ലിംകൾ അറസ്റ്റിലാകുകയും ചെയ്തു. മുസ്ലിം വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.