ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിൽ പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷം. രാജ്യത്തെ വിദ്യാർത്ഥി പ്രതിഷേധങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് ഇടപെടലുകളെക്കുറിച്ചും സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്' പരാമർശമാണ് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയത്. ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുമായി നടത്തിയ സംഭാഷണം സഭയിൽ പങ്കുവെക്കവെയായിരുന്നു രാഹുലിന്റെ ഈ പ്രയോഗം.
"നിങ്ങളെ ബഹുമാനിക്കാത്തവരെ നിങ്ങൾ എന്ത് വിളിക്കും?" എന്ന് പ്രതിഷേധത്തിനിടെ കണ്ട ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ "ഇഡിയറ്റ്" എന്നായിരുന്നു അവൾ മറുപടി നൽകിയതെന്ന് രാഹുൽ ഗാന്ധി സഭയിൽ വ്യക്തമാക്കി. ഇതോടെ ഭരണപക്ഷ അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും സഭയിൽ വൻ ബഹളം തുടങ്ങുകയും ചെയ്തു.
എന്നാൽ താൻ സഭയിലെ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും ഒരു കുട്ടിയുടെ വികാരമാണ് സഭയിൽ പങ്കുവെച്ചതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. ചില 'ഇഡിയറ്റുകൾ' തങ്ങളാണ് ദൈവമെന്നും ചുറ്റുമുള്ളതെല്ലാം തങ്ങളുടെ സൃഷ്ടിയാണെന്നും കരുതുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു ശക്തമായി രംഗത്തെത്തി. വിദ്യാർത്ഥികളുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് സഭയിൽ മര്യാദകെട്ട ഭാഷ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവാണെന്ന പദവി ഓർക്കണമെന്നും കുറച്ചുകൂടി നിലവാരമുള്ള ഭാഷ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട റിജിജു, 'ഇഡിയറ്റ്' എന്ന പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന ബോധം വേണമെന്ന് സ്പീക്കറും രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർ.എസ്.എസ് കവരുകയാണെന്നും സർവകലാശാലകളുടെ തലപ്പത്ത് തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ച് പരീക്ഷകൾ അട്ടിമറിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് രൂപയാണ് കവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ ഇറങ്ങിയ യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും അമിത് ഷായും ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട രാഹുൽ, കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ എത്താൻ ഭയപ്പെടുകയാണെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.