വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ടത് അമിത് ഷാ -ലോക്സഭയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ വിദ്യാർഥികൾക്ക് നേരെ  വെടിയുതിർക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രസംഗത്തെ തുടർന്ന് ലോക്‌സഭയിൽ കടുത്ത ബഹളം. പേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രിയെ കടന്നാക്രമിച്ചത്.

സഭയിൽ ഇല്ലാതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വെടിയുതിർക്കാൻ നിർദ്ദേശം നൽകിയത് അദ്ദേഹമാണെന്ന് രാഹുൽ പറഞ്ഞു.

എന്നാൽ ഈ പരാമർശങ്ങൾ ഭരണപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ആരോപണങ്ങൾ തെളിയിക്കണമെന്നും, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞതിന് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും മറ്റ് എൻ.ഡി.എ. എം.പിമാരും രംഗത്തെത്തി. വെടി വെക്കണമെങ്കിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഉത്തരവിടണമെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ശക്തമായ വാദങ്ങൾക്കും ബഹളങ്ങൾക്കുമൊടുവിൽ രണ്ടര വരെ പാർലമെന്‍റ് നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ പ്രക്ഷോഭകരെ നിയന്ത്രിക്കാൻ സുരക്ഷാ സേന നടത്തിയ നടപടികളിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - അമിത് ഷാ വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.