സൂചനാ ചിത്രം

സിനിമകൾക്ക് 'ധർമ സെൻസർ ബോർഡ്'; 'ഹിന്ദു ദൈവങ്ങളെയും സനാതന ധർമത്തെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കും'

ലഖ്നോ: സനാതന ധർമത്തെയും ഹിന്ദു ദൈവങ്ങളെയും സിനിമകളിൽ അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 'ധർമ സെൻസർ ബോർഡി'ന് രൂപം നൽകി ഹിന്ദു സന്യാസിമാർ. യു.പി പ്രയാഗ് രാജിൽ നടന്ന മാഘ് മേളയിൽ സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്തംഗ 'സെൻസർ ബോർഡിനും' രൂപം നൽകി. ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന കാര്യങ്ങൾ സിനിമകളിലുണ്ടോയെന്ന് പരിശോധിക്കുകയും അത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്യുമെന്ന് ബോർഡിന് നേതൃത്വം നൽകുന്ന ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രഖ്യാപിച്ചു.

സിനിമകൾ കൂടാതെ ഡോക്യുമെന്‍ററികൾ, വെബ് സീരീസുകൾ, മറ്റ് വിനോദോപാധികൾ എന്നിവയും ധർമ സെൻസർ ബോർഡ് പരിശോധിക്കും. സനാതന ധർമത്തിനെതിരായ ഉള്ളടക്കങ്ങളിൽ നടപടിയെടുക്കും. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് 'ധർമ സെൻസർ ബോർഡി'ന്‍റെ ചെയർമാൻ.

ബോർഡിന്‍റെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. മതപരവും സാംസ്കാരികവുമായ മേഖലകളിലെ മുതിർന്ന പ്രമുഖർ ബോർഡിലുണ്ട്. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും സംസ്കാരത്തെയും അപമാനിക്കുന്നതിനെതിരെ ബോർഡ് മാർഗനിർദേശം നൽകും. അത്തരം സിനിമകൾ കണ്ടെത്തിയാൽ നടപടിയെടുക്കും. വിലകുറഞ്ഞ പ്രചാരണത്തിന് വേണ്ടി സനാതന ധർമത്തെ അപഹസിക്കുന്ന സിനിമകളും സീരിയലുകളും വെബ് സീരീസുകളും അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു.

'ധർമ സെൻസർ ബോർഡി'ന്‍റെ പ്രവർത്തനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സർക്കാറിനെയും സെൻസർ ബോർഡിനെയും സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കണ്ടാൽ സംവിധായകരെയും നിർമാതാക്കളെയും ബന്ധപ്പെട്ട് കാര്യം വിശദീകരിക്കും. ഹിന്ദുവിരുദ്ധവും വിശ്വാസത്തെ ഹനിക്കുന്നതുമായ സിനിമകൾ പുറത്തിറങ്ങിയാൽ അവ കാണരുതെന്ന് ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യും. ആവശ്യമെങ്കിൽ വിവിധ മാർഗങ്ങളിലൂടെയുള്ള മറ്റ് പ്രതിഷേധങ്ങളും നടത്തും -അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി.

അവിമുക്തേശ്വരാനന്ദയെ കൂടാതെ ഒമ്പത് അംഗങ്ങളാണ് ധർമ സെൻസർ ബോർഡിലുള്ളത്. മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, സിനിമ നടി മാനസി പാണ്ഡെ, യു.പി ഫിലിം ഡെവലപ്മെന്‍റ് ബോർഡ് വൈസ് പ്രസിഡന്‍റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതന ധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ സമിതി ചിത്രങ്ങൾ കണ്ട ശേഷമാണ് തീരുമാനമെടുക്കുക. 

ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച 'പത്താൻ' ആവും ധർമ സെൻസർ ബോർഡ് പരിശോധിക്കുന്ന ആദ്യ ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ ബോർഡ് അംഗങ്ങൾ കണ്ട ശേഷമാണ് ബാക്കി കാര്യങ്ങളിലേക്ക് കടക്കുക. 

Tags:    
News Summary - Dharam Censor Board to review films to keep check on anti-Hindu content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.