എയർ ഇന്ത്യ എക്സ്പ്രസിൽ ഗുരുതര സുരക്ഷാവീഴ്ച; കൃത്യസമയത്ത് അറ്റകൂറ്റപ്പണി നടത്തിയില്ല, മുന്നറിയിപ്പ് നൽകി ഡി.ജി.സി.എ

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ. എയർബസ് എ320 വിമാനങ്ങളിൽ എൻജിൻ ഭാഗങ്ങൾ മാറ്റിവെക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മുന്നറിയിപ്പ്. യുറോപ്യൻ യൂണിയന്റെ ഏവിയേഷൻ സേഫ്റ്റി ഏജൻസി എയർബസ് വിമാനങ്ങളിലെ എൻജിൻ ഭാഗങ്ങൾ മാറ്റണമെന്ന് കർശനനിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് എയർ ഇന്ത്യ എക്സ്പ്രസ് നടപ്പാക്കിയില്ലെന്നാണ് റിപ്പോർട്ട്.

ഡി.ജി.സി.എ ചട്ടം ലംഘിച്ചതിന് മുന്നറിയിപ്പ് ലഭിച്ച വിവരം എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിശ്ചിതസമയപരിധിക്കുള്ളിൽ എയർബസ് എ320 വിമാനങ്ങളുടെ അറ്റകൂറ്റപ്പണി നടത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം നടത്തിയെന്നുമാണ് വിമാനകമ്പനിക്കെതിരെ ഡി.ജി.സി.എയുടെ ആരോപണം.

എയർഇന്ത്യ വിമാനങ്ങളിലെ സുരക്ഷാവീഴ്ചകളെ കുറിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ മറ്റൊരു വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡൽഹിയിൽനിന്ന് വിയന്നയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനമാണ് രക്ഷപ്പെട്ടത്. പറന്നുയർന്ന വിമാനം ഏകദേശം 900 അടി താഴ്ചയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ട്.

ജൂൺ 14ന് പുലർച്ചെ 2.56ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എ.ഐ -187 ബോയിങ് 777 വിമാനമാണ് അപകടത്തിൽപെട്ടത്. മോശം കാലാവസ്ഥയെ അവഗണിച്ച് പൈലറ്റുമാർ വിമാനം നിയന്ത്രിച്ച് സുരക്ഷിതമാമായി യാത്ര തുടർന്നതായും എയർ ഇന്ത്യ അറിയിച്ചു. ഒമ്പത് മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി വിയനയിൽ ഇറങ്ങിയതായും പൈലറ്റുമാർ വ്യക്തമാക്കി.

വിമാനത്തിന്റെ റെക്കോർഡറുകളിൽനിന്ന് ലഭിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ ഡി.ജി.സി.എയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - DGCA Had Flagged Air India Express Over Airbus Engine Fix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.