ഭീകര കേന്ദ്രങ്ങൾ തകർത്തത് അനിവാര്യമായ തിരിച്ചടി -ഐ.എൻ.എൽ

കോഴിക്കോട്: 26 വിനോദ സഞ്ചാരികളെ കശ്മീരിലെ പഹൽഗാമിൽ വെടിവെച്ച് കൊന്ന നിഷ്ഠൂരമായ ആക്രമണത്തിന് തിരിച്ചടി എന്നോണം ഇന്ത്യൻ സൈന്യം ബുധനാഴ്ച അർധരാത്രിയിൽ പാകിസ്താനിലെയും പാക്കധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ നടത്തിയ സൈനിക ഓപ്പറേഷൻ അനിവാര്യമായ തിരിച്ചടിയാണെന്ന് ഐ.എൻ.എൽ. രാജ്യത്ത് അശാന്തിയും മത വൈരവും വളർത്താൻ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിക്ക് ഉചിതമായ മറുപടി നൽകേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക കടമയാണ്.

സൈനിക താവളങ്ങൾക്ക് പകരം, ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത് തീവ്രവാദികളുടെ വിളയാട്ടത്തിന് ശാശ്വത അന്ത്യമുണ്ടാവണം എന്ന നിശ്ചയ ദാർഢ്യത്തോടെയാണ്. ഇന്ത്യൻ മണ്ണിൽ രക്തച്ചൊരിച്ചിലും അരാജകത്വവും വിതക്കാൻ പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ആസ്ഥാനങ്ങളാണ് സൈന്യം മുഖ്യമായും ലക്ഷ്യമിട്ടത്. ഇവയടക്കം ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെയാണ് സ്കാൽപ്പ് ക്രൂയിസ് മിസൈലുകളും ഹാമ്മർ ബോംബുകളും ഉപയോഗിച്ച് റഫാൽ ജെറ്റ് വഴി സൈന്യം 'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടി പൂർത്തിയാക്കിയത്.

തുറന്ന യുദ്ധം നമ്മുടെ ലക്ഷ്യമല്ല എന്നിരിക്കെ, തീവ്രവാദ സങ്കേതങ്ങൾ തകർത്തെറിയുന്നതോടെ അതിർത്തിയിലെ പിരിമുറുക്കം കുറയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ലോകത്തിന്റെ അഭ്യർഥനയും പ്രാർഥനയും അതു തന്നെയാണ്. ഉന്നതമായ നയ തന്ത്രജ്ഞതയാണ് നമ്മുടെ കരുത്തെന്നും അത് തെളിയിക്കാനുള്ള മുന്തിയ അവസരമാണിതെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു

Tags:    
News Summary - Destruction of terror camps is a necessary setback, says INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.