പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല; നിരാഹാരസമരം പിൻവലിച്ച് അജ്മീർ ജയിലിലെ തടവുകാർ

ജയ്പുർ: പ്രതിഷേധിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് നിരാഹാരസമരം പിൻവലിച്ച് അജ്മീർ അതിസുരക്ഷ ജയിലിലെ തടവുകാർ. സെല്ലുകളിലേക്കുള്ള വൈദ്യുതി തുടർച്ചയായി തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് നാല് ദിവസങ്ങളായി സമരം നടത്തിവരികയാണ് തടവുകാർ.

കൊടുംകുറ്റവാളി പട്ടികയിലുള്ള 65 കുറ്റവാളികളെ പാർപ്പിക്കുന്ന തടവറയിലേക്കുള്ള വൈദ്യുതി മുടക്കുകയും തുടർച്ചയായ 16 മണിക്കൂർ നേരത്തേക്ക് കാറ്റും വെളിച്ചവുമില്ലാത്ത മുറിയിൽ പാർപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ജയിൽവാസികൾ പ്രതിഷേധത്തിനറങ്ങിയത്.

രാജസ്ഥാൻ ജയിൽ ഡയറക്ടർ ജനറൽ ഭുപേന്ദ്ര കുമാർ ധാക്കിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും പരാതികൾ അയച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിൽ നിരാശരായ തടവറക്കാർ അഞ്ചാം ദിവസം നിരാഹാരം ഉപേക്ഷിക്കുകയായിരുന്നു.

ശൈത്യ കാലത്ത് വൈദ്യുതി ആവശ്യമില്ലെന്നാണ് അജ്മീർ ജയിൽ അധികൃതരുടെ വാദം. 2015 ലാണ് 264 തടവുകാരെ പാർപ്പിക്കാൻ യോഗ്യമായ അതി സുരക്ഷ സജ്ജീകരണങ്ങളോടു കൂടിയ അജ്മീർ ജയിൽ സ്ഥാപിതമായത്. വിചാരണക്ക് ശേഷം കൊടും കുറ്റവാളികളെന്നാരോപിക്കുന്ന രാജസ്ഥാനിലെ വിവിധ ജില്ലകളിൽ നിന്നുള്ള തടവുകാരെ അങ്ങോട്ടേക്ക് മാറ്റാറുള്ളതിനാൽ ഭീകരരെന്നാണ് പൊലീസ് തടവുകാരെ വിശേഷിപ്പിച്ചിരുന്നത്.

2019 നവംബറിലാണ് ആദ്യമായി വൈദ്യുതി വിഛേദിച്ചു കൊണ്ടുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. പാമ്പുകളുടെയും മറ്റുമൃഗങ്ങളുടെയും കടുത്ത ശല്യമുണ്ടാകാറുള്ള മേഖല കൂടിയായതിനാൽ പേടിയോടെയാണ് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നതെന്ന് തടവുകാരിലൊരാൾ പറഞ്ഞു.

ജയിൽ സ്ഥാപിതമായപ്പോൾ തടവുകാർക്ക് ചെസ്സ്, കാരംസ് തുടങ്ങിയ വിനോദ ഗെയിമുകൾ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ ഇതൊന്നും അനുവദനീയമല്ല. വല്ലപ്പോഴും ബന്ധുക്കളെയും കൂട്ടുകാരെയും കാണാൻ അനുവദിച്ചിരുന്നെങ്കിലും കോവിഡ് കാരണം അതിനും വിലക്കേർപ്പെടുത്തിയത് കൊണ്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിയുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Despite Protests, Ajmer High-Security Prison Snaps Electricity for Winter Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.