താജ്മഹലും കുതുബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

ഗുവാഹത്തി: ചരിത്ര സ്മാരകങ്ങളായ താജ്മഹലും കുതുബ് മിനാറും പൊളിച്ച് പകരം ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന്‌ അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'താജ്മഹലും കുതുബ് മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുത്തെത്താൻ കഴിയാത്ത മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കുമുണ്ടായിരിക്കേണ്ടത്. ഇതിനായി ഞാൻ എന്റെ ഒരു വർഷത്തെ ശമ്പളം സംഭാവന ചെയ്യാനും ഒരുക്കമാണ്'- രൂപ് ജ്യോതി പറഞ്ഞു.

മുംതാസിന്റെ മരണശേഷം ഷാജഹാന്‍ മൂന്ന് വിവാഹം കൂടി ചെയ്തിരുന്നു. മുംതാസിനോടത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജാക്കന്മാരുടെ സമ്പത്തുപയോഗിച്ചാണ് ലോകത്തെ ഏഴ് അദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എം.എല്‍.എ.യുടെ വിവാദ പരാമര്‍ശം. കോൺഗ്രസ് എം.എൽ.എയായിരുന്ന കുർമി 2021ലാണ് ബി.ജെ.പിയിൽ ചേർന്നത്.

Tags:    
News Summary - 'Demolish Taj Mahal and Qutub Minar', Assam BJP MLA Rupjyoti Kurmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.