ന്യൂഡൽഹി: ഡൽഹിയിലെ സുപ്രസിദ്ധമായ ചാന്ദ്നിചൗക് മേയ് 31 വരെ അടച്ചിടാൻ വ്യാപാരികളുടെ തീരുമാനം. മാർച്ച് 25 മുതൽ അടഞ്ഞു കിടക്കുകയാണ് പ്രസിദ്ധമായ വ്യാപാര കേന്ദ്രം. ലോക്ഡൗണിൽ ഇളവു വരുത്തിയാലും അടച്ചിടാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യാപാരി യൂനിയൻ പ്രസിഡൻറ് സഞ്ജയ് ഭാർഗവ അറിയിച്ചു.
മൂന്നാംഘട്ട ലോക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമാണ് ചാന്ദ്നിചൗക്. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുകയാണ്. ലോക്ഡൗണിൽ ഇളവുവരുത്തിയാൽ ആളുകൾ തടിച്ചു കൂടുന്നതോടെ സാമൂഹിക അകലം പാലിക്കൽ നടക്കില്ല. അതിനാലാണ് വ്യാപാരികളുടെയും ജനങ്ങളുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ മാസം 31 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
ഡൽഹിയിൽ 9533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 129 േപർ മരിക്കുകയും ചെയ്തു. മുഗൾ കാലം മുതൽ നിലനിൽക്കുന്ന ചാന്ദ്നിചൗക് ഏറ്റവും വലിയ വസ്ത്ര വ്യാപാരകേന്ദ്രം കൂടിയാണ്. 2019 ഒക്ടോബർ മുതൽ 2020 മാർച്ച്വരെയുള്ള കണക്ക് പ്രകാരം ലക്ഷത്തോളം ആളുകളാണ് ഇവിടം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.