‘ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, മുളകുപൊടി വിതറി’; ക്രൂര മർദനത്തിൽ ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിക്കുകയും മുളകുപൊടി വിതറുകയും ചെയ്ത് മർദിച്ച സംഭവത്തിൽ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിൽ പൊള്ളലേറ്റ ദിനേശ് സഫ്ദർജങ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 28 വയസ്സുകാരനായ ദിനേശ് ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ ദിനേശ് ഉറങ്ങിക്കിടക്കവെയാണ് ഭാര്യ സാധനയുടെ ആക്രമണത്തിനിരയായത്. വീട്ടിൽ ദിനേശും ഭാര്യയും അവരുടെ എട്ട് വയസ്സുള്ള മകളും മാത്രമാണ് ഉണ്ടായിരുന്നത്.

സംഭത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഒക്ടോബർ രണ്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭക്ഷണം കഴിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ, ശരീരത്തിലുടനീളം കഠിനമായ നീറ്റലനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടിയുണർന്നപ്പോൾ ഭാര്യ അടുത്ത് നിൽക്കുന്നതാണ് കണ്ടത്.

എഴുന്നേൽക്കാനോ സഹായത്തിനായി വിളിക്കാനോ കഴിയുന്നതിന് മുമ്പ് തന്നെ ദിനേശിന്റെ ഭാര്യ അയാളുടെ ശരീരത്തിലേക്കും മുഖത്തേക്കും തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കൂടാതെ പൊള്ളലേറ്റ ഭാഗത്ത് മുളക് പൊടിയും വിതറി. വേദന കൊണ്ട് അലറിവിളിച്ച ദിനേശിനോട് ശബ്ദമുണ്ടാക്കിയാൽ കൂടുതൽ ചൂടുള്ള എണ്ണ ഒഴിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തി. എന്നാൽ, വേദന സഹിക്ക വയ്യാതെ കരഞ്ഞ ദിനേശിന്റെ നിലവിളി കേട്ട് അയൽക്കാരും വീടിന്റെ താഴെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമയുടെ കുടുംബവും ഓടിയെത്തുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് വീട്ടുടമയുടെ മകൾ അഞ്ജലി പറഞ്ഞു. വാതിൽ തുറക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് സാധന വാതിൽ തുറന്നത്. അപ്പോൾ വേദനകൊണ്ട് പുളയുന്ന ദിനേശിനെയും വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭാര്യയെയുമാണ് കണ്ടതെന്നും അഞ്ജലി പി.ടി.ഐയോട് പറഞ്ഞു.

ദിനേശിനെ സഹായിക്കാൻ മുതിർന്ന വീട്ടുടമയെ സാധന എതിർത്തു. താൻ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്. എന്നാൽ, ദിനേശുമായി പുറത്തിറങ്ങിയ ഇവർ ആശുപത്രിക്ക് എതിർ ദിശയിലേക്ക് പോയതിൽ സംശയം തോന്നിയ വീട്ടുടമ അവരെ തടയുകയായിരുന്നു. ഉടൻ ഒരു ഓട്ടോറിക്ഷ ഏർപ്പാടാക്കി ദിനേശിനെ ഒറ്റക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിലും മുഖത്തും കൈകളിലുമേറ്റ ആഴത്തിലുള്ള പൊള്ളൽ കാരണം വിദഗ്ധ ചികിത്സക്കായി ഡോക്ടർമാർ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് നിർദേശിച്ചു. ദിനേശിന്റെ പരിക്കുകൾ ഗുരുതരമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ് എട്ട് വർഷമായ ഇവർ തമ്മിൽ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് ദിനേശിന്റെ ഭാര്യ ക്രൈം എഗൈൻസ്റ്റ് വുമൺ സെല്ലിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, ഒത്തുതീർപ്പിലൂടെ പരാതി പരിഹരിക്കുകയായിരുന്നു. ദിനേശിന്റെ ഭാര്യ സാധനക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 118, 124, 326 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Delhi Woman Attacks Sleeping Husband With Boiling Oil, Chilli Powder: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.