ന്യൂഡൽഹി: ഡൽഹി-വാഷിങ്ടൺ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വിയന്നയിൽ റദ്ദാക്കി. ഇന്ധനം നിറക്കാനായാണ് വിമാനം വിയന്നയിൽ ഇറങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്ന് വിയന്നയിൽ നിന്ന് വിമാനം തുടർന്ന് യാത്ര ചെയ്തില്ല.
ജൂലൈ രണ്ടിനാണ് വിമാനം ഡൽഹിയിൽ നിന്നും പറന്നുയർന്നത്. അന്ന് തന്നെ വാഷിങ്ടണിലെത്തുമെന്നായിരുന്നു ഷെഡ്യൂൾ പ്രകാരം വ്യക്തമാക്കിയിരുന്നത്. എന്നാൽ, വിമാനത്തിന് അതേദിവസം തന്നെ വാഷിങ്ടണിലെത്താൻ സാധിച്ചില്ല. വിയന്നയിൽ ഇറങ്ങിയ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിന് തുടർന്ന് വിയന്നക്കും വാഷിങ്ടണിലുമിടയിലെ സർവീസ് റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും വാഷിങ്ടണിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസും റദ്ദാക്കിയിട്ടുണ്ടെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു.
അഹ്മദാബാദ് ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡൽഹിയിൽനിന്ന് വിയന്നയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനമാണ് രക്ഷപ്പെട്ടത്. പറന്നുയർന്ന വിമാനം ഏകദേശം 900 അടി താഴ്ചയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ട്.
ജൂൺ 14ന് പുലർച്ചെ 2.56ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എ.ഐ -187 ബോയിങ് 777 വിമാനമാണ് അപകടത്തിൽപെട്ടത്. മോശം കാലാവസ്ഥയെ അവഗണിച്ച് പൈലറ്റുമാർ വിമാനം നിയന്ത്രിച്ച് സുരക്ഷിതമാമായി യാത്ര തുടർന്നതായും എയർ ഇന്ത്യ അറിയിച്ചു. ഒമ്പത് മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി വിയനയിൽ ഇറങ്ങിയതായും പൈലറ്റുമാർ വ്യക്തമാക്കി.
വിമാനത്തിന്റെ റെക്കോർഡറുകളിൽനിന്ന് ലഭിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ ഡി.ജി.സി.എയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.