ജനുവരി 26ന് ശേഷം ഞാൻ എല്ലായിടത്തുനിന്നും പുറത്താക്കപ്പെട്ടു, പട്ടിണികിടന്നു- ദീപ് സിന്ധു

ചണ്ഡിഗഡ്: ജനുവരി 26ന് നടന്ന സംഭവങ്ങൾക്ക് ശേഷം താൻ എല്ലായിടത്തുനിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസങ്ങൾക്ക് മുൻപ് കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം ഓടിച്ചുവിട്ടിരുന്നു. ജനുവരി 26ന് ചെങ്കോട്ടയിലേക്ക് ദീപ് സിദ്ദു ജനക്കൂട്ടത്തെ നയിച്ചെന്നും ഇതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും ആരോപിച്ചാണ് കർഷകർ ഇയാളെ ഓടിച്ചുവിട്ടത്.

ഇതിനുശേഷം ഞായാറാഴ്ചയാണ് ഫേസ്ബുക്ക് ലൈവിലൂടെ താൻ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടുവെന്ന് ദീപ് സിദ്ദു പറഞ്ഞത്. 'കർഷക പ്രക്ഷോഭത്തിനുവേണ്ടി എന്നെത്തന്നെ ഞാൻ സമർപ്പിച്ചു. കഴിഞ്ഞ മാസങ്ങളായി എല്ലാ സമയവും അവരോടൊപ്പമായിരുന്നു. സമരത്തിൽ എല്ലായ്പ്പോഴും അവരോടൊപ്പം ഇരിക്കുകയായിരുന്നു. നിങ്ങൾ അതൊന്നും കണ്ടില്ലേ?' വികാരാധീനനായി ദീപ് സിന്ധു ചോദിച്ചു.

'എല്ലാവരും എന്നെ ഉപേക്ഷിച്ചു. ബി.ജെ.പിയിലെ സണ്ണി ഡിയോളിനുവേണ്ടിയാണ് 2019ൽ ഞാൻ പ്രചാരണം നടത്തിയത്. അവരെല്ലാം എന്നെ കൈയൊഴിഞ്ഞു.'

'നേതാക്കളും ഗായകരും എല്ലാമായി അന്ന് റെഡ്ഫോർട്ടിൽ അഞ്ച് ലക്ഷത്തിലധികം ആളുകളുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് നിങ്ങൾ ഒരാളെ മാത്രം മാറ്റിനിറുത്തി, രാജ്യദ്രോഹിയെന്ന് വിളിച്ചു. എന്നെ മാത്രം ഒറ്റപ്പെടുത്തി.'

'രണ്ടുദിവസം ഭക്ഷണം പോലുമില്ലാതെ തെരുവിൽ അലയുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് പട്യാലയിൽ എത്തിയത്. അവിടെയും പൊലീസ് എന്നെ കുടുക്കാനായി എത്തിയിരുന്നു.'

'അറസ്റ്റിനെ എനിക്ക് പേടിയില്ല. ബിഹാറി തൊഴിലാളികൾ പഞ്ചാബികളേക്കാൾ ഭേദമാണ്. അവരാണ് തനിക്ക് ഭക്ഷണം നൽകിയത്.' ഫേസ്ബുക്ക് ലൈവിൽ ദീപ് സിദ്ദു പറഞ്ഞു. 

ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് ശേഷം കർഷക സംഘടനകൾ ദീപ് സിദ്ദുവിനെതിരെ രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദീപ് സിദ്ദുവിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് പ്രചാരണം ശക്തമാണ്. മോദിക്കൊപ്പം ഇദ്ദേഹം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ബി.ജെ.പിയും ഡല്‍ഹി പൊലീസുമാണ് സിദ്ദുവിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.