മന്ത്രി ആക്രമികള്‍ക്കൊപ്പം; ഗുര്‍മെഹര്‍ നിശ്ശബ്ദ

ന്യൂഡല്‍ഹി: കലാലയ സമാധാനത്തിനും യുദ്ധത്തിനെതിരെയും  ശബ്ദമുയര്‍ത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ നിശ്ശബ്ദയാക്കാന്‍ എ.ബി.വി.പിയും ട്വിറ്റര്‍ പട്ടാളവും ശ്രമിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജുവും മറ്റും സ്വീകരിച്ച നിലപാട് കടുത്ത പ്രതിഷേധമുയര്‍ത്തി. ഭീഷണി നേരിടുന്ന വിദ്യാര്‍ഥിനിയുടെ രക്ഷക്കത്തെി നിയമവാഴ്ച ഉറപ്പാക്കേണ്ടതിനു പകരം, ഗുര്‍മെഹറിന്‍െറ പെരുമാറ്റത്തെ തള്ളിപ്പറഞ്ഞ് പ്രസ്താവന നടത്തുകയാണ് മന്ത്രിയും മറ്റും ചെയ്തത്.

ഡല്‍ഹി സര്‍വകലാശാലയെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന പ്രക്ഷോഭത്തില്‍നിന്നുള്ള ഗുല്‍മെഹറിന്‍െറ പിന്മാറ്റം നിര്‍ബന്ധിത സാഹചര്യങ്ങളിലാണ്. അതേസമയം, നിലപാടുകളില്‍നിന്ന് വിദ്യാര്‍ഥിനി പിന്മാറിയിട്ടില്ല. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് ‘ബേഠി ബചാവോ, ബേഠി പഠാവോ’ പദ്ധതി ആവിഷ്കരിച്ച മോദിസര്‍ക്കാറിലുള്ളവരും കാവിരാഷ്ട്രീയക്കാരുമാണ് ഈ വിദ്യാര്‍ഥിനിയെ നിശ്ശബ്ദയാക്കിയതെന്നതാണ് ശ്രദ്ധേയം. അതേസമയം, ലേഡി ശ്രീറാം കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഗുര്‍മെഹറെ പിന്തുണച്ച് അധ്യാപകര്‍ രംഗത്തുവന്നിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധത്തില്‍  രക്തസാക്ഷിയായ ക്യാപ്ടന്‍ മന്‍ദീപ്സിങ്ങിന്‍െറ മകളാണ് ഗുര്‍മെഹര്‍. പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണെന്ന ഗുര്‍മെഹറിന്‍െറ നിലപാട് കാവിരാഷ്ട്രീയക്കാരെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

പെണ്‍കുട്ടിയുടെ രക്ഷക്ക് എത്തുന്നതിനുപകരം ‘ഈ യുവതിയുടെ മനസ്സ് ദുഷിപ്പിക്കുന്നത് ആരാണ്’ എന്ന ചോദ്യമാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഉന്നയിച്ചത്. എ.ബി.വി.പി.ക്കെതിരെ പ്രതിഷേധിക്കുന്നവരെ വിഘടനവാദികളോടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉപമിച്ചത്. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നടന്നുവരുന്നത് ദേശവിരുദ്ധ സമരമാണെന്ന വ്യാഖ്യാനവും സംഘ്പരിവാര്‍ നല്‍കുന്നുണ്ട്. ഗുര്‍മെഹറെ പിന്തുണക്കുന്നവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും അത്തരക്കാരെ നാടുകടത്തണമെന്നുമാണ് ഹരിയാന മന്ത്രി അനില്‍ വിജ് നടത്തിയ പരാമര്‍ശം.

ഹൈദരാബാദ്, ജെ.എന്‍.യു വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഘട്ടത്തില്‍ ദേശീയത വിഷയമാക്കി നേരിട്ട അതേ മാതൃകയിലാണ് ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും ഡല്‍ഹി കലാശാലാ പ്രക്ഷോഭത്തെയും നേരിടുന്നത്. എന്നാല്‍, വിദ്യാര്‍ഥി പ്രക്ഷോഭം പടരുന്നത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ഇതേതുടര്‍ന്നാണ് രണ്ട് എ.ബി.വി.പിക്കാരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായത്. 

Tags:    
News Summary - delhi university gurmehar kaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.