ന്യുഡൽഹി: എട്ടു മണിക്കൂറിൽ ഡൽഹിയിൽ നിന്ന് ശ്രീനഗറിലെത്താനുള്ള ഗതാഗത പദ്ധതിയുമായി കേന്ദ്ര സർക്കാർ. നിലവിൽ കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിജയിക്കുകയാണെങ്കിൽ ഭാവിയിൽ എട്ടു മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ശ്രീനഗറിലെത്താന്‍ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 'ദി കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകനെയും അഭിനേതാക്കളെയും അനുമോദിക്കുന്നതിനായി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും കശ്മീരിനും ലഡാക്കിനും ഇടയിലുള്ള സോസിലയിൽ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണ് നിർമിക്കപ്പെടുന്നതെന്നും ഗഡ്കരി അറിയിച്ചു. ലേ-മണാലി റൂട്ടിലെ അടൽ ടണൽ ഇതിനകം തന്നെ യാത്രാ സമയം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ശ്രീനഗർ-കത്ര-ഡൽഹി എക്‌സ്പ്രസ് വേയുടെ പണി പൂർത്തിയാകുന്നതിലൂടെ യാത്രാസമയം ഇനിയും കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ നിരവധി ആളുകൾക്ക് അവിടേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും യാത്രാസമയം ലഘൂകരിക്കുന്നത് അവർക്ക് ഏറെ സഹായപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Delhi To Srinagar In Just 8 Hours: Centre's Connectivity Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.