ഡല്‍ഹിയില്‍  പടക്കങ്ങള്‍ക്കും  പഴയ ഡീസല്‍  വാഹനങ്ങള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നേരിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറകെ കൂടുതല്‍ നടപടികളുമായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള പഴയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ലഫ്. ഗവര്‍ണര്‍ മതപരമായ ചടങ്ങുകളില്‍ ഒഴികെ പടക്കങ്ങളും വെടിമരുന്നുകളും കത്തിക്കുന്നത് നിരോധിച്ചു. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായശാലകള്‍ അടച്ചിടാനും നജീബ് ജങ് നിര്‍ദേശിച്ചു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജങ്ങിന്‍െറ നീക്കം. 
 
വലിയ ട്രക്കുകളും ഭാരം കയറ്റിയ വാഹനങ്ങളും നഗരത്തില്‍ പ്രവേശിക്കരുത്. വയലുകളിലും തുറസ്സായ സ്ഥലങ്ങളിലും മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കത്തിക്കുന്നില്ളെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉറപ്പുവരുത്തണം. ഈ മാസം 14 വരെ ഡല്‍ഹിയില്‍ ഒരിടത്തും നിര്‍മാണപ്രവര്‍ത്തനങ്ങളോ പൊളിക്കല്‍-ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളോ പാടില്ല. വിവാഹച്ചടങ്ങുകളിലും പൊതുപരിപാടികളിലും മറ്റ് സന്ദര്‍ഭങ്ങളിലും പടക്കങ്ങളും വെടിമരുന്ന് പദാര്‍ഥങ്ങളും ഉപയോഗിക്കാന്‍ പാടില്ളെന്നും നിര്‍ദേശമുണ്ട്. അന്തരീക്ഷ മലിനീകരണം ഗുരുതരമായി ബാധിച്ചിട്ടും നടപടിയെടുക്കാത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് അടിയന്തരമായി ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഞായറാഴ്ച ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. പുകയും പൊടിയും നിറഞ്ഞ് ഡല്‍ഹിയിലെ സ്ഥിതി അപകടകരമായി തുടരുമ്പോഴും ഡല്‍ഹി സര്‍ക്കാര്‍ നടപടികള്‍ക്ക് കാലതാമസം വരുത്തുന്നുവെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

Tags:    
News Summary - delhi smog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.