വന്ദേമാതര വിവാദം: നിയമോപദേശം തേടി ഡൽഹി പൊലീസ്; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാചരണ ചടങ്ങിനിടെ വന്ദേമാതരം ആലപിക്കുന്നതിനിടയിൽ തടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നീക്കം ശക്തമാക്കി ബി.ജെ.പി. സംഭവത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ് ഡൽഹി പൊലീസ്. കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.

സംഭവത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഡൽഹി പോലീസിൽ പരാതി നൽകി. ഒരു അഭിഭാഷകനാണ് 16-ന് ഐ.പി. എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15-ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാചരണ ചടങ്ങിൽ സന്നിഹിതയായിരുന്ന സോണിയ ഗാന്ധി, ദേശീയ ഗാനത്തിന്റെ ആദ്യ ഭാഗം ആലപിച്ചതിന് ശേഷം ചില ആംഗ്യങ്ങൾ കാണിച്ചതായും, ഇത് ഗാനം തുടരുന്നതിനെതിരെയുള്ള എതിർപ്പായി തോന്നിയതായും പരാതിയിൽ ആരോപിക്കുന്നു. "ഞങ്ങൾ വന്ദേമാതരം പാടുന്നില്ല" എന്ന് രാഹുൽ ഗാന്ധി പറയുന്നതായി കേൾക്കാവുന്ന ഒരു വീഡിയോയെക്കുറിച്ചും പരാതിയിൽ പരാമർശിക്കുന്നുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണെങ്കിൽ ഇരു നേതാക്കൾക്കുമെതിരെ പക്ഷപാതമില്ലാത്ത അന്വേഷണവും ഉചിതമായ നടപടിയും സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദത്തിനിടയാക്കിയത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിക്കാൻ തുടങ്ങിയതോടെ ഉന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം, ദേശീയ ഗാനത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന ബില്ല് പാർലമെന്റ് പാസാക്കിയിരുന്നു.

ഈ വിഷയത്തിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അത്യാഗ്രഹം കാരണം പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരത്തെ വിസ്മൃതിയിലാക്കാൻ അനുവദിച്ചതായി അമിത് ഷാ പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ കോൺഗ്രസ്, ദേശീയ ഗാനത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് തടയാൻ യാതൊരു ശ്രമവും നടന്നിട്ടില്ലെന്നും, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറെനേരമായി നിന്നിരുന്നതിനാൽ അദ്ദേഹത്തിന് ഒരു കസേര ചോദിക്കുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്നും വ്യക്തമാക്കി.

Tags:    
News Summary - Delhi Police seeks legal advice on Vande Matara controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.