മാധ്യമപ്രവർത്തകരെ അടിച്ചമർത്തുകയാണ്; ഡൽഹി പൊലീസ് റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഭീകരബന്ധം ആരോപിച്ചുള്ള യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള അടിച്ചമർത്തൽ പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോൺഗ്രസ് നേതാവ് ഗുർദീപ് സിങ് സപ്പൽ പ്രതികരിച്ചു.

ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ അടിച്ചമർത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ൽ സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതിൽ മഹാത്മ ഗാന്ധി ജവഹർലാൽ നെഹ്‌റുവിന് ഉപദേശം നൽകി. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാർമ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങൾക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ട്.

ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി ആറ് ദിവസങ്ങൾക്ക് ശേഷമാണ് കറാച്ചി പ്രമേയം അവതരിപ്പിച്ചത്. എന്തിനുവേണ്ടിയാണ് വധിച്ചത്? കാരണം, അവരുടെ ശബ്ദം കേൾക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവർ ആഗ്രഹിച്ചു. എന്നാൽ, അവരുടെ ശബ്ദം ബധിരരായ സാമ്രാജ്യത്വ ഭരണകൂടത്തിന് മേൽ പതിച്ചു. അവർ നിയമനിർമാണ സഭയിലേക്ക് ബോംബ് എറിഞ്ഞു, കീഴടങ്ങി, ശിക്ഷയെ എതിർക്കാതെ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ സന്ദേശം അയക്കാൻ വിചാരണ ഉപയോഗിച്ചു.- ഗുർദീപ് സിങ് സപ്പൽ എക്സിൽ കുറിച്ചു.

ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസിന്‍റെ റെയ്ഡ് നടക്കുകയാണ്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നത്.

വീഡിയോ ജേർണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന പത്രപ്രവർത്തകരായ ഭാഷാ സിങ്, ഊർമിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസിന്‍റെ നടപടി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

Tags:    
News Summary - Delhi Police raids: Congress calls it expression of political philosophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.