സമൂഹമാധ്യമ പോസ്റ്റ്; മുൻ ഉദ്യോഗസ്ഥൻ ആശിഷ് ജോഷിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മുൻ ഉദ്യോഗസ്ഥനായ ആശിഷ് ജോഷിയെ ഡൽഹി പൊലീസ് സ്പെഷൽ സെൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതായി വിവരം. കേന്ദ്രസർക്കാറിനെ വിമർശിച്ചുകൊണ്ടുള്ള സാമൂഹ മാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്തതെന്ന് ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.
നെഹ്റു പാർക്കിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കൊണ്ടുപോയത്. മണിക്കൂറുകൾക്ക് ശേഷം ആശിഷ് ജോഷിയെ പൊലീസ് വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ എക്സിൽ കുറിച്ചു. ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാറിനെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റ്. എന്നാൽ, എന്തിനാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
‘വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. ഡൽഹി സ്പെഷൽ സെൽ എന്നെ വീട്ടിൽ എത്തിച്ചു. വിശദാംശങ്ങൾ പിന്നീട്’ -ആശിഷ് ജോഷി ആദ്യത്തെ പോസ്റ്റിൽ കുറിച്ചു. ബുധനാഴ്ച പ്രഭാത നടത്തത്തിന് ശേഷം വളരെ കുറച്ച് സമയമെടുക്കുമെന്ന ഉറപ്പിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ചോദ്യം ചെയ്യുമ്പോഴോ തടങ്കലിൽ വെക്കുമ്പോഴോ ഒരു വ്യക്തിയുടെ കുടുംബത്തെ അറിയിക്കുക എന്നത് നിയമപരമായ ഒരു കടമയാണെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ കുറിച്ചു.
തന്നെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയതാണെന്നും ആദ്യം അധികസമയം വേണ്ടിവരില്ലെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകൾ നീണ്ടതായും ജോഷി വ്യക്തമാക്കി. ഭാര്യയെ വിവരമറിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ നിർദേശങ്ങൾ പാലിക്കുകയാണ് എന്നാണ് മറുപടി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. വൈകിട്ട് 6.38നാണ് കുടുംബവുമായി ഫോണിൽ സംസാരിക്കാൻ അവസരം ലഭിച്ചതെന്നും ആശിഷ് ജോഷി പറഞ്ഞു. കുടുംബത്തെയും സുഹൃത്തുക്കളെയും ഒരു ദിവസം മുഴുവൻ പരിഭ്രാന്തിയിലാക്കി. ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്ന ഏതൊരു വ്യക്തിയുടെയും കുടുംബത്തെ ഉടൻ അറിയിക്കേണ്ട നിയമപരമായ കടമ കർശനമായി പാലിക്കാൻ എല്ലാവർക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ നടക്കാൻ പോയ ആശിഷ് ജോഷിയെ നെഹ്‌റു പാർക്കിൽ നിന്ന് രണ്ട് ഡൽഹി പൊലീസ് കോൺസ്റ്റബിൾമാർ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആരോപിച്ചിരുന്നു. ആശിഷ് ജോഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയതെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. 1992 ബാച്ചിലെ ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ് ഉദ്യോഗസ്ഥനായ ആശിഷ് ജോഷി 2026 മാർച്ചിലാണ് കേന്ദ്ര സർക്കാരിലെ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള പദവിയിൽ നിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.