മദ്രാസ് ഹൈകോടതിയുടെ ഔദ്യോഗിക ഭാഷയായി തമിഴിനെ അംഗീകരിക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി വിജയ്
ചെന്നൈ: മദ്രാസ് ഹൈകോടതിയുടെ ഔദ്യോഗിക ഭാഷയായി തമിഴിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രധാന പ്രമേയം തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ അവതരിപ്പിക്കും. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.
തമിഴ് ഭാഷയുടെ പൗരാണിക പാരമ്പര്യം, ക്ലാസിക്കൽ ഭാഷാ പദവി, നിയമപരമായ പദാവലികളിലുണ്ടായ ശ്രദ്ധേയമായ വളർച്ച, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിവർത്തന സൗകര്യങ്ങൾ എന്നിവയെല്ലാം സർക്കാരിന്റെ ഈ പ്രമേയത്തിൽ പരാമർശിക്കുമെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെ സാഹിത്യ പാരമ്പര്യമുള്ള തമിഴിന് ഹൈകോടതിയിൽ ഔദ്യോഗിക ഭാഷയായി പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേൽ നിയമസഭയിൽ വിപുലമായ ചർച്ചകളും നടക്കുമെന്നാണ് സൂചന.
ഹൈകോടതി പുറപ്പെടുവിക്കുന്ന എല്ലാ വിധികളും ഉത്തരവുകളും തമിഴ് ഭാഷയിൽ ലഭ്യമാക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോടെയും ഗവർണറുടെ അധികാരത്തോടെയും ഹൈകോടതികളിൽ ഇംഗ്ലീഷിന് പുറമെ അതത് സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയും ഉപയോഗിക്കാൻ അനുവദിക്കുന്ന നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനെക്കുറിച്ചും ഇതിൽ പരാമർശിക്കാൻ സാധ്യതയുണ്ട്.
മദ്രാസ് ഹൈകോടതിയിൽ തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യത്തിന് പിന്നിൽ ദീർഘകാലത്തെ ചരിത്രമുണ്ട്. മദ്രാസ് ഹൈകോടതിയിൽ തമിഴ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2006 ഡിസംബർ 6-ന് തമിഴ്നാട് നിയമസഭ സമാനമായ രീതിയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. എന്നാൽ അക്കാലത്ത് കേന്ദ്രം വഴി സുപ്രീം കോടതിക്ക് മുന്നിലെത്തിയ തമിഴ്നാടിന്റെ ഈ നിർദേശം അംഗീകരിക്കാൻ പരമോന്നത കോടതി തയാറായിരുന്നില്ല.ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി വിജയ് പുതിയ പ്രമേയവുമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.