വ്യക്തിവിദ്വേഷം മൂലം ഉണ്ടായ ആരോപണങ്ങൾ: സുപ്രീം കോടതി ജഡ്ജിയുടെ ആരോപണങ്ങൾ തള്ളി രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മ. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് അവ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും ശർമ്മ വ്യക്തമാക്കി. ഈ വിവാദവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ജസ്റ്റിസ് ശർമ്മ പരസ്യമായി പ്രതികരിക്കുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവുകൾ സഹിതം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് മറുപടി നൽകിയിട്ടുണ്ടെന്ന് ശർമ്മ അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ അന്തിമ തീരുമാനം വരുന്നതുവരെ മാധ്യമങ്ങളും അഭിഭാഷകരും മറ്റ് ജനങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങളാണ് തനിക്ക് ഈ വിശദീകരണം നൽകേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് മേത്ത ചീഫ് ജസ്റ്റിസിന് അയച്ച കത്തുകളിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും തെളിവുകൾ നിരത്തി താൻ അവ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 2, 10, 17 തീയതികളിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്റിന് അയച്ച മൂന്ന് കത്തുകളിലാണ് ജസ്റ്റിസ് സന്ദീപ് മേത്ത, രാജസ്ഥാൻ ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് ശർമ്മയെ മാറ്റണമെന്നാവശ്യപ്പെട്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ ഭരണപരമായ വീഴ്ചകൾ, അഴിമതി, സ്വജനപക്ഷപാതം, പ്രീതിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് മേത്ത ഉന്നയിച്ചിരുന്നത്. 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന തന്റെ അധികാരം ദുരുപയോഗം ചെയ്ത് താൽപ്പര്യമുള്ള കേസുകൾ സ്വന്തം ബെഞ്ചിലേക്ക് മാറ്റിയെന്നും, പണക്കാരും സ്വാധീനമുള്ളവരുമായ കക്ഷികൾക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ജോധ്പൂർ പ്രിൻസിപ്പൽ സീറ്റിന്റെ പ്രവർത്തനം, ജയ്പൂരിൽ നടന്ന മൂന്ന് ദിവസത്തെ സമ്മേളനം എന്നിവയുൾപ്പെടെയുള്ള ഹൈകോടതിയുടെ നിരവധി ഭരണപരമായ തീരുമാനങ്ങൾക്കെതിരെയും ജസ്റ്റിസ് മേത്ത ആശങ്ക പ്രക്ടിപ്പിച്ചിരുന്നു. ജസ്റ്റിസ് ശർമ്മയുടെ കീഴിലുള്ള കോടതിയുടെ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ശർമ്മ, ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഉചിതമായ സമയത്ത് താൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ ഭാഗം വിശദീകരിക്കുമെന്നും വ്യക്തമാക്കി. ഒരു സിറ്റിങ് ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉയരുന്നു എന്നതുകൊണ്ട് മാത്രം കൃത്യമായ നിയമനടപടികൾ പാലിക്കാതെ അതിനെ കുറ്റപ്പെടുത്തലായി കാണാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. ഉചിതമായ സ്ഥാപന സംവിധാനങ്ങളിലൂടെ വിഷയം പരിശോധിച്ചുവരികയാണെന്നും, ജസ്റ്റിസ് ശർമ്മക്ക് തന്റെ നിലപാട് വ്യക്തമാക്കാൻ ന്യായമായ അവസരം നൽകേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കിയിരുന്നു.
സ്ഥിരമായ ചീഫ് ജസ്റ്റിസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന രാജസ്ഥാൻ ഹൈകോടതിയിൽ വിവാദങ്ങൾ കത്തുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ. ജയ്പൂരിലെയും ജോധ്പൂരിലെയും അഭിഭാഷകരുടെ പ്രതിഷേധങ്ങളെ തുടർന്ന്, സെപ്റ്റംബർ 1-ന് സുപ്രീം കോടതി കൊളീജിയം ഛത്തീസ്ഗഢ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കുമാർ അഗർവാളിനെ രാജസ്ഥാൻ ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ജസ്റ്റിസ് ശർമ്മ സെപ്റ്റംബർ 5 വരെ ജുഡീഷ്യൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.