ഉറങ്ങിക്കിടന്ന കൂട്ടുകാരനെ കല്ലിനടിച്ച് കൊന്നു; നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ അതിർത്തിയിൽ വെച്ച് പൊക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് മാസം നീണ്ട തിരച്ചിലിനൊടുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബീഹാറിലെ മധുബനിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സുമൻ കുമാർ ഝാ എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാർച്ച് 23നാണ് രമേഷ് യാദവ് (രാവണൻ) എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മാർച്ച് 26ന് ആദർശ് നഗർ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

പ്രദേശത്തെ നൂറ്റമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പ്രാദേശിക-സാങ്കേതിക വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞത്. ഗുരുഗ്രാമിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയാണ് പ്രതിയായ സുമൻ കുമാർ ഝാ എന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റ് ഒഴിവാക്കാനായി ഒളിത്താവളങ്ങൾ നിരന്തരം മാറ്റിയിരുന്ന പ്രതി, പിന്നീട് നേപ്പാളിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ ബീഹാറിലെ മധുബനിയിൽ വെച്ച് ഇയാളെ പൊലീസ് വളയുകയായിരുന്നു. പിടികൂടുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കാൻ മുതിർന്നതായും കടുത്ത ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം ഇര ഉറങ്ങിക്കിടന്ന സമയം നോക്കി തലയിൽ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ മുമ്പ് ആംസ് ആക്ട് പ്രകാരം മറ്റൊരു കേസ് കൂടി നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Delhi Police nabs accused of killing sleeping friend by stoning him to death at border as he tries to cross into Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.