ന്യൂഡൽഹി: ഡൽഹി ഇന്ദർലോകിൽ പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികിൽ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് ഡൽഹി പൊലീസ്. കുറ്റക്കാരനായ സബ് ഇൻസ്പെക്ടർ മനോജ്കുമാർ തോമറിനെ സർവിസിൽനിന്ന് ഉടൻ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു.
ക്രമസമാധാനപാലനത്തിൽ ഡൽഹി വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ എപ്പോഴും പൊലീസിനെ പിന്തുണച്ചിട്ടുണ്ട്. സാമൂഹിക ഐക്യം നിലനിർത്തണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് കമീഷണർ അഭ്യർഥിച്ചു.
വെള്ളിയാഴ്ച റോഡിൽ നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരൻ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.