എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് യൂനിഫോമോ നെയിം പ്ലേറ്റോ ഇല്ല; ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ്, ഒടുവിൽ മടക്കം

ന്യൂഡൽഹി : എസ്.എഫ്.ഐ നേതാവും ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ഡൽഹി പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയത് യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ. സിവിൽ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥയെ യൂണിഫോം എവിടെയെന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്തു. തുടർന്ന്, കോടതിയിൽ നിന്ന് വരുമ്പോൾ മഴയായതിനാലാണ് നെയിം പ്ലേറ്റും യൂണിഫോമും ധരിക്കാതിരുന്നതെന്ന മറുപടിയാണ് പൊലീസ് നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്നും യൂണിഫോം ധരിച്ച് വരാനും എം.പി ഉറപ്പിച്ചു പറഞ്ഞതോടെ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംഘം ഒടുവിൽ തിരികെ മടങ്ങി.

മുമ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് എത്തിയത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഏത് കേസിന്റെ പേരിലാണ് ഈ നീക്കമെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു.

പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി വേട്ടയാടാനും അറസ്റ്റ് ചെയ്യാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് ജോൺ ബ്രിട്ടാസ് എം.പി ആരോപിച്ചു. സി.ജെ.പി നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ വേണ്ടെന്ന് സുപ്രീം കോടതിയുടെ നിർദേശവും പൊലീസ് വ്യക്തമാക്കലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ കേസുകളുടെ മറവിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് വീണ്ടും നടപടിക്കൊരുങ്ങുന്നത്.

Tags:    
News Summary - എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് യൂനിഫോമോ നെയിം പ്ലേറ്റോ ഇല്ല; ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ്, ഒടുവിൽ പൊലീസ് മടക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.