സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ഡൽഹി പൊലീസ് റെയ്ഡ്

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ഡൽഹി പൊലീസ് റെയ്ഡ്. യെച്ചൂരിക്ക് സർക്കാർ നൽകിയ ഡൽഹിയിലെ വസതിയിലാണ് രാവിലെ പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്‍റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത്.

സി.പി.എം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്‍റെ മകൻ ന്യൂസ് ക്ലിക്കിൽ ഗ്രാഫിക് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. യെച്ചൂരിയുടെ വസതിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഇയാൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഡൽഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസിന്‍റെ റെയ്ഡ് നടക്കുകയാണ്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നത്.

വീഡിയോ ജേർണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന പത്രപ്രവർത്തകരായ ഭാഷാ സിങ്, ഊർമിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസിന്‍റെ നടപടി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. 

Tags:    
News Summary - Delhi Police also raided the residence of CPM General Secretary Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.