ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ; ഇന്ന് പുലർച്ചെയും തുടർന്ന വോട്ടെടുപ്പ് നിർത്തിവെച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. ഇരുവിഭാഗം കൗൺസിലർമാർ ബാലറ്റ് പെട്ടി എടുത്തെറിഞ്ഞു. ഡയസിൽ നിന്നും പോഡിയം മറിച്ചിട്ടു. സംഘർഷത്തെ തുടർന്ന് മൂന്നു തവണയാണ് കൗൺസിൽ യോഗം നിർത്തിവെച്ചത്. ഇന്ന് പുലർച്ചെയും തുടർന്ന തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് വീണ്ടും ഒരു മണിക്കൂർ നിർത്തിവെച്ചു.

ഇന്നലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കാൻ വൈകിയതിൽ പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തു വന്നിരുന്നു. വൈകീട്ട് ഏഴു മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ഒമ്പത് മണിയോടെ ആദ്യ സെറ്റ് ബാലറ്റ് പേപ്പർ നൽകി വോട്ടെടുപ്പ് തുടങ്ങിയത്. ഈ സമയത്ത് ആം ആദ്മി പാർട്ടി അംഗങ്ങളുടെ കൈവശമുള്ള ഫോണുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഘർഷത്തിന് തുടക്കമായത്. വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറിന്‍റെ ചിത്രം പകർത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ബുധനാഴ്ച രാവിലെ നടന്ന മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ത്രങ്ങൾ മറികടന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പ്രതിനിധികൾ വിജയിച്ചിരുന്നു. ആ​പ്പി​ന്‍റെ ഷെ​ല്ലി ഒ​​ബ്രോ​യി ​​മേ​യ​റായും ആ​ലെ മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ​ ഡെ​പ്യൂ​ട്ടി മേ​യ​റായും തെ​ര​ഞ്ഞെ​ടു​​ക്ക​പ്പെ​ട്ടു. ഡ​ല്‍ഹി ഈ​സ്റ്റ് പ​ട്ടേ​ല്‍ ന​ഗ​ര്‍ വാ​ര്‍ഡി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷെ​ല്ലി ഒ​ബ്രോ​യി ഡ​ല്‍ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​റാ​യി​രു​ന്നു.

ഡി​സം​ബ​റി​ലാ​ണ് ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം മൂ​ന്നു​​ത​വ​ണ കൗൺസിൽ യോ​ഗം ​ചേ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ലെ​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി.​ജെ.​പി നീ​ക്ക​ത്തെ ആം ​ആ​ദ്​​മി പാ​ർ​ട്ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല​വി​ധി നേ​ടി​യെ​ടു​ത്തു. 

മേ​യ​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ജ​നു​വ​രി ആ​റി​നും 24നും ​ഫെ​ബ്രു​വ​രി ആ​ദ്യ​ത്തി​ലും കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ബ​ഹ​ള​ത്തെ ​തു​ട​ർ​ന്ന് പി​രി​യു​ക​യാ​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ടെ​ന്ന നി​ല​പാ​ടി​ലൂ​ടെ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ബി.​ജെ.​പി ശ്ര​മ​മാ​ണ് വി​ല​ങ്ങു​ത​ടി​യാ​യ​ത്. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക്​ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് മേ​യ​റെ തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ് ബുധനാഴ്ച​ തെ​ര​ഞ്ഞെ​ടു​പ്പ്​ നടന്നത്.

250 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ 134 കൗ​ൺ​സി​ല​ർ​മാ​രാ​ണ് ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​ള്ള​ത്. ബി.​ജെ.​പി​ക്ക് 105 അം​ഗ​ങ്ങ​ളും. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ഒ​രാ​ൾ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ 105 ആ​യ​ത്. കോ​ൺ​ഗ്ര​സി​ന് എ​ട്ട്​ കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്.


Tags:    
News Summary - Delhi Municipal Corporation House faces repeated adjournments amid sloganeering by AAP, BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.