അരവിന്ദ് കെജ്‌രിവാൾ

എ.ബി.എ.പി അനുകൂല സംഘടനയുടെ പരിപാടിയിൽ നാലു തവണ പങ്കെടുത്തു;ഡൽഹി ഹൈക്കോടതി ജസ്റ്റിസ് പിൻമാറണം -അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് ഡൽഹി ഹൈകോടതി ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജസ്റ്റിസിന് ബി.ജെ.പി-ആർ.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തുമായി (എ.ബി.എ.പി) ബന്ധമുണ്ടെന്നും അതിനാൽ നിഷ്പക്ഷമായ വിധി പ്രതീക്ഷിക്കാനാവില്ലെന്നുമാണ് കെജ്‌രിവാളിന്റെ വാദം. മദ്യനയക്കേസിൽ കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സി.ബി.ഐ നൽകിയ ഹരജിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് പരിഗണിക്കുന്നത്.

ഈ കേസിൽ തന്റെ ഭാഗം നേരിട്ട് വാദിക്കാൻ അനുവദിക്കണമെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കെജ്‌രിവാളിന്റെ ഈ നീക്കത്തെ സി.ബി.ഐ ശക്തമായി എതിർത്തു. സ്വന്തമായി അഭിഭാഷകൻ ഉള്ളപ്പോൾ കക്ഷി നേരിട്ട് വാദിക്കുന്നത് കോടതിയെ നാടകവേദിയാക്കാനാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വാദിക്കാൻ താൽപര്യമുണ്ടെങ്കിൽ നിലവിലുള്ള അഭിഭാഷകനെ മാറ്റണമെന്നും സി.ബി.ഐ നിലപാടെടുത്തു.

ജസ്റ്റിസ് സ്വർണകാന്ത ശർമ ആർ.എസ്.എസ് ബന്ധമുള്ള അഭിഭാഷക സംഘടനയുടെ പരിപാടികളിൽ നാല് തവണ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളും മറ്റു അഞ്ച് പ്രതികളും പിന്മാറ്റ ഹരജി നൽകിയത്. രാഷ്ട്രീയ ചായ്‌വുള്ള സംഘടനകളുമായുള്ള ജഡ്ജിയുടെ ബന്ധം കേസിലെ നീതിപൂർവമായ വിചാരണയെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. എന്നാൽ, ഒരു നിയമ സെമിനാറിൽ പങ്കെടുത്തു എന്നത് രാഷ്ട്രീയ ബന്ധമായി കാണാനാവില്ലെന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ജഡ്ജിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കോടതി അലക്ഷ്യമാണെന്നും സി.ബി.ഐ വാദിച്ചു. കേവലം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് ജഡ്ജിയെ മാറ്റാൻ ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു. എ.ബി.എ.പിയുടെ പരിപാടികളിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ നാല് തവണ പങ്കെടുത്തത് തന്റെ കേസിനെ ബാധിക്കുമെന്നാണ് കെജ്‌രിവാൾ വാദിക്കുന്നത്.

Tags:    
News Summary - Delhi High Court Justice should resign after attending pro-ABAP event four times - Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.