ഐ.ടി നിയമങ്ങൾ പാലിക്കണം; ട്വിറ്ററിന് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ഐ.ടി നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കാട്ടി സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ട്വിറ്ററിന് നോട്ടീസയച്ചു. പുതിയ നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ ട്വിറ്റർ പാലിക്കേണ്ടതുണ്ടെന്ന് കോടതി നിർദേശിച്ചു.

അഡ്വ. അമിത് ആചാര്യ എന്നയാളാണ് ട്വിറ്ററിനെതിരെ ഹരജി ഫയൽ ചെയ്തത്. പരാതികൾ സമർപ്പിക്കാൻ സമൂഹമാധ്യമങ്ങൾ പ്രത്യേക ഓഫിസറെ നിയമിക്കണമെന്ന ചട്ടം ട്വിറ്റർ പാലിക്കുന്നില്ലെന്നും വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്നുമായിരുന്നു ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്. പരാതിപരിഹാര ഉദ്യോഗസ്ഥനായി യു.എസ് സ്വദേശിയെ നിയമിച്ചിട്ടുണ്ടെന്നും എന്നാൽ, ഐ.ടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പ്രകാരം ഇതു മതിയാകില്ലെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, പുതിയ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നും സ്വദേശിയായ പരാതിപരിഹാര ഓഫിസറെ മേയ് 28ന് നിയമിച്ചതായും ട്വിറ്റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നൽകാമെന്നും ട്വിറ്റർ അറിയിച്ചു. കേസ് വീണ്ടും ജൂലൈ ആറിന് പരിഗണിക്കും.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാൻ ഇന്ത്യയിൽ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ ഉദ്യോഗസ്ഥർക്ക് ആപ്പിന്‍റെ പ്രവർത്തനം, കൈമാറുന്ന ആശയങ്ങൾ, എന്നിവയും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്യുന്നതിനും സാധിക്കും. 

മേയ് 25 വരെയായിരുന്നു പുതിയ ഐ.ടി നിയമപ്രകാരമുള്ള മാറ്റങ്ങൾ നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നൽകിയ സമയം. മൂന്നുമാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ട്വിറ്റർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. ഇത് ട്വിറ്ററും കേന്ദ്ര സർക്കാറും തമ്മിൽ തുറന്ന പോരിലേക്കാണ് നയിച്ചത്. ഇന്ത്യയുടെ നയങ്ങൾ എന്തായിരിക്കണമെന്ന് ട്വിറ്റർ ഉപദേശിക്കേണ്ടെന്ന് ഐ.ടി മന്ത്രാലയം മറപടി നൽകിയിരുന്നു. 

Tags:    
News Summary - Delhi HC issues notice to Twitter over 'non-compliance' of new I-T rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.