Representative Image
ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡോക്ടർക്ക് ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷമെന്ന്. രാജ്യത്തെ കോവിഡ് പ്രതിസന്ധി മോശമായതിന്‍റെ സൂചനയാണിതെന്നാണ് ഉയരുന്ന പ്രതികരണം.
ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ മീഡിയ ചാർജ് കൂടിയുള്ള ഡോ. മനീഷ് ജാൻഗ്രക്കാണ് ദുരനുഭവം നേരിട്ടത്. ആർ.എം.എൽ ആശുപത്രിയിൽ ജോലിചെയ്തു വരികയായിരുന്നു അദ്ദേഹം. ഡോ. മനീഷ് തന്‍റെ അനുഭവം വിവരിക്കുന്ന വിഡിയോയും പുറത്തുവന്നു. റസിഡന്‍റ് ഡോക്ടർമാരുടെയും മറ്റും അംഗങ്ങളുടെയും പരിശ്രമത്തിന്‍റെ ഫലമായാണ് നാലുമണിക്കൂറിന് ശേഷം ആശുപത്രിയിൽ കിടക്ക ലഭിച്ചതെന്ന് ഡോ. ജാൻഗ്ര പറയുന്നു.
അവിടെ ജോലി െചയ്യുന്ന തന്നെ പരിശോധിക്കാൻ മൂന്നുമണിക്കൂറിലധികമെടുത്തു. കാരണം ആശുപത്രി മാനേജ്മെന്റ് വി.ഐ.പി രോഗികളെക്കുറിച്ച് ആശങ്കാകുലരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യനില മോശമായതിനാൽ തനിക്ക് ഓക്സിജന്റെ ആവശ്യകതയുണ്ടായിരുന്നു. ജീവൻ നിലനിർത്തുന്നതിനായി മറ്റൊരു രോഗിക്കൊപ്പം ഒരേ കിടക്കയിൽ കിടക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡോ. മനീഷിന്‍റെ ആരോപണങ്ങൾ ആർ.എം.എൽ ആശുപത്രി തള്ളി. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നും ആശുപത്രിയിൽ കോവിഡ് ചാർജുള്ള ഡോ. എം.പി.എസ്. ചൗള പറഞ്ഞു. മനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ എല്ലാ ചികിത്സയും നൽകിയിരുന്നു. ആശുപത്രിയിലെ ഡോക്ടറായതിനാൽതന്നെ പ്രത്യേക ചികിത്സ നൽകിയിരുന്നുവെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.